
പച്ചക്കറിയുമായി അതിർത്തി കടന്നെത്തിയ മിനിലോറിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് രേഖകളില്ലാത്ത ഒന്നരക്കോടിയിലധികം രൂപ.സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരിങ്കപ്പാറ ഓമച്ചപ്പുഴ സ്വദേശി മേനാട്ടിൽ അഷ്റഫ് (38), കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് സ്വദേശി നമ്പിയാടത്ത് അബ്ദുൽ റഹ്മാൻ (36) എന്നിവരാണ് കോട്ടക്കലിൽ അറസ്റ്റിലായത്.

മിനിലോറിയിലെ പ്രത്യേക അറയിൽനിന്ന് 1,53,50,000 രൂപയാണ് കണ്ടെടുത്തത്.തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം കടത്ത് തടയാൻ രൂപവത്കരിച്ച സ്ക്വാഡാണ് പണം പിടികൂടിയത്. ഞായറാഴ്ച പുലർച്ച 3 മണിക്ക് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് എത്തിയ മിനിലോറി പുത്തൂർ ബൈപാസ് റോഡ് ജങ്ഷനിൽ പോലീസ് തടയുകയായിരുന്നു.
