
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറയ്ക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.

നഗരസഭ പ്രദേശത്ത് പൊതുപരിപാടികൾ, വിവാഹം, പിറന്നാൾ ആഘോഷം, മരണാനന്തര ചടങ്ങുകൾ, മറ്റ് വിശേഷ പരിപാടികൾ എന്നിവ നടത്തുമ്പോൾ നഗരസഭയിൽ നിന്നും പോലീസിൽ നിന്നും അനുമതിപത്രം നിർബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർക്കാർ മാർഗ നിർദേശങ്ങൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം നൽകും. നിലവിൽ രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറൻ്റയിനിൽ കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, കുഞ്ഞുങ്ങൾ എന്നിവർ ആൾക്കൂട്ടത്തിൽ നിന്നും ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്. കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കണം. ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ്, ബീച്ചുകൾ, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു.
ഓഡിറ്റോറിയം, ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ. കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യം, പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധ നടത്തും.
നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു.
നഗരസഭയിലെ മത്സ്യ, മാംസ കച്ചവടം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ മാത്രം അനുവദിക്കും.
തട്ട് കടകൾ പൂർണമായും നിരോധിച്ചു. ഹോട്ടലുകൾ, റസ്റ്റോറെൻ്റുകൾ വൈകുന്നേരം 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ഓപ്പൺ ജിമ്മുകൾ, ജിംനേഷ്യങ്ങൾ എന്നിവ പൂർണ്ണമായും അടച്ചിടാനും
അനധികൃത വഴിയോര കച്ചവടം പൂർണമായും നിരോധിക്കാനും
സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർമാൻമാർ, ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ മണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്ര മോഹൻ, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വി.വി രമേശൻ, സെക്ടറൽ മജിസ്ടേറ്റുമാർ, ഹോസ്ദുർഗ് ,കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർമാർ, കൗൺസിലർമാരായ സി.കെ അഷറഫ്, എം ബൽരാജ്, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ്, സി ഡി എസ് ചെയർപേഴ്സൺമാർ, എന്നിവർ സംബന്ധിച്ചു.
