
കാസർകോട്: ധീരജവാൻ ലെഫ്റ്റനന്റ് ഹാഷിമിൻ്റെ ഓർമ്മക്കായി കാസർകോട് നഗരസഭ പുലിക്കുന്നിൽ ഓപ്പൺ ജിം പണിയും. 1965ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച കാസർകോട് തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന് കാസർകോട് നഗര ഹൃദയത്തിൽ ഒരു സ്മാരകം യാഥാർത്ഥ്യമാകും. 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 2 ഘട്ടങ്ങളിലായി ഓപ്പൺ ജിമ്മിൻ്റെയും സ്മാരകത്തിൻ്റെയും പ്രവൃത്തി പൂർത്തീകരിക്കും.

പുലിക്കുന്നിൽ ഗവ. ഗസ്റ്റ് ഹൗസിന് എതിർവശമുള്ള പഴയ പാർക്കിന് സമീപത്താണ് ഓപ്പൺ ജിം നിർമ്മിക്കുന്നത്. ഈ റിപ്പബ്ലിക് ദിനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ശിലാസ്ഥാപനം നിർവ്വഹിക്കും. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ അധ്യക്ഷത വഹിക്കും.
വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, റീത്ത ആർ., ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് , രജനി ആർ, വാർഡ് കൗൺസിലർ രഞ്ജിത, സെക്രട്ടറി ബിജു എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീഷ് എൻ.ഡി, അസിസ്റ്റന്റ് എഞ്ചിനീയർ ഉപേന്ദ്രൻ വി.വി, നഗരസഭ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.
