
കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണത്തിനെതിരെ ഹര്‍ജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്.ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹര്‍ജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള യാത്ര സുഗമമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. അതിര്‍ത്തികടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ഡോസ് വാക്സിനെടുത്തവരടക്കം ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റ ജൂലൈ 31ലെ ഉത്തരവിനെതിരെ മഞ്ചേശ്വരം എം.എല്‍.എ, പൊതുപ്രവര്‍ത്തകനായ കെ.ആര്‍. ജയാനന്ദ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.
