
കുറ്റിക്കോൽ/കാസർകോട്: ഏഴ് വയസ്സും ഒന്നരവയസ്സും പ്രായമുള്ള മക്കളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനായ ലോറി ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായ സംഭവത്തിൽ ഭർത്താവിന്‍റെ പരാതിയിൽ ബേഡകം പോലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുറ്റിക്കോൽ നെല്ലിത്താവ് സ്വദേശിനി രേഷ്മ (30) തന്‍റെ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനായ മുന്നാട് വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ (35) എന്നയാളുടെ കൂടെ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഒളിച്ചോടിപ്പോയി വിവാഹിതയായത്. കാഞ്ഞങ്ങാട്, മാവുങ്കാലിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ഇരുവരും കർണാടക, ബണ്ട്വാളിൽ ലോഡ്ജിൽ താമസിക്കുകയാണെന്ന് പോലീസ് കണ്ടെത്തി.

ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫായിരുന്നെങ്കിലും ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ബേഡകം പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തന്ത്രപ്രധാനമായ നീക്കത്തിലൂടെ ഇന്നലെ രാത്രി ഇരുവരെയും പിടികൂടുകയായിരുന്നു.
ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഉത്തംദാസ് രണ്ടുപേരെയും ചോദ്യം ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിനും അതിന് പ്രേരിപ്പിച്ചതിനും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് യുവതിയുടെ പേരിലും അതിന് പ്രേരണ നൽകിയ കുറ്റത്തിന് കാമുകന്‍റെ പേരിലുമാണ് കേസ്സെടുത്തത്.
അറസ്റ്റ് ചെയ്ത ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ ടി.ഉത്തംദാസ് അറിയിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ എസ്.ഐ ഗംഗാധരൻ പോലീസുകാരായ ശശിധരൻ രാവണേശ്വരം, രമ്യ ബേത്തൂർപാറ എന്നിവരുടെ നേതൃത്വത്തിൽ കർണാടകയിൽ എത്തിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഭർതൃമതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി വിവാഹം കഴിക്കാൻ സഹായിച്ച പ്രതിയുടെ ബന്ധുവായ പാണത്തൂർ സ്വദേശിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
