Categories
articles news

ഇന്ത്യന്‍ തൊഴില്‍ രംഗത്തെ കുറയുന്ന സ്ത്രീ സാന്നിധ്യം; 13 വര്‍ഷത്തിനിടെ 37ല്‍ നിന്നും 18 ശതമാനത്തിലേക്ക്

പൊതുസ്ഥലങ്ങളില്‍ വൃത്തിയുള്ള ശുചിയിടങ്ങളും, സുരക്ഷിതമായ പൊതുയാത്രാ സംവിധാനവും സ്ത്രീകള്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ തൊഴില്‍രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വന്‍തോതില്‍ കുറഞ്ഞതായാണ് സര്‍ക്കാര്‍ ഇതര സംഘടനയായ ആസാദ് ഫൗണ്ടേഷന്‍ പങ്കുവെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019ല്‍ രാജ്യത്തെ തൊഴില്‍രംഗത്ത് വനിതകളുടെ സാന്നിധ്യം 18 ശതമാനമായാണ് കുറഞ്ഞത്. 2006ല്‍ ഇത് 37 ശതമാനമായിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്‍റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 149 ആണ്.

സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തവും, അവസരങ്ങളും സംബന്ധിച്ച് 153 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ പിന്നില്‍ നില്‍ക്കുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ ജി.ഡി.പി സുപ്രധാന വളര്‍ച്ച നേടുമെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

തൊഴില്‍മേഖലയില്‍ സ്ത്രീ സാന്നിധ്യം 2006ലെ 37 ശതമാനത്തില്‍ നിന്നും 2019ല്‍ 18 ശതമാനമായി താഴ്ന്നതും, ജെന്‍ഡര്‍ പേ ഗ്യാപ് 23 ശതമാനമായും, അനൗദ്യോഗിക തൊഴില്‍ 93 ശതമാനമായി ഉയര്‍ന്നതും, സാമൂഹിക സുരക്ഷ കുറഞ്ഞതുമാണ് ലിംഗ സമത്വവും, സ്ത്രീശാക്തീകരണത്തിനും ഇന്ത്യയില്‍ തടസ്സമായി നില്‍ക്കുന്നതെന്ന് ആസാദ് ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലിംഗസമത്വം ഉറപ്പാക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, വനിതാശിശുക്ഷേമ മന്ത്രാലയത്തോടും ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്ക് മുഴുവന്‍ സമയ ക്രഷുകള്‍, താങ്ങാവുന്ന സുരക്ഷിതമായ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലുകള്‍, പൈപ്പ് വെള്ളം ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയാണ് ജെന്‍ഡര്‍ സെന്‍സിറ്റീവ് ഇന്‍ഫ്രാസ്ട്രക്ചറിലുള്ളത്.

പൊതുസ്ഥലങ്ങളില്‍ വൃത്തിയുള്ള ശുചിയിടങ്ങളും, സുരക്ഷിതമായ പൊതുയാത്രാ സംവിധാനവും സ്ത്രീകള്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest