Categories
local news news

നഗരസഭാ മുന്‍ കൗണ്‍സിലര്‍; കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

കാസറഗോഡ്: നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാത്രി ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ നിന്ന് ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ പെട്ടന്നാണ് അസുഖമുണ്ടായി. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനകം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഫലിതപ്രിയനും പരോപകാരിയുമായ കുഞ്ഞിമൊയ്തീന്‍ ഇന്നലെയും സജീവമായി എല്ലാ കാര്യങ്ങള്‍ക്കും രംഗത്തുണ്ടായിരുന്നു. അസുഖ ബാധിതനായ ബന്ധുവിനെ വൈകിട്ട് അദ്ദേഹത്തിൻ്റെ വീട്ടില്‍ സന്ദര്‍ശിച്ച് ഏറെനേരം കൂട്ടുകാരോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. ബാങ്കോടിൻ്റെയും ജദീദ് റോഡിൻ്റെയും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുള്ള കുഞ്ഞിമൊയ്തീന്‍ ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ദിൻ്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളങ്കര പാലിയേറ്റീവ് കെയറിൻ്റെ സ്ഥാപക ഗവേണിംഗ് ബോഡി മെമ്പറും സജീവപ്രവര്‍ത്തകനുമാണ്. നേരത്തെ ഖത്തറിലായിരുന്നു. ബാങ്കോട് വാര്‍ഡില്‍ നിന്ന് 5 വര്‍ഷം കാസര്‍കോട് നഗരസഭാംഗമായിട്ടുണ്ട്. ബാങ്കോട്ടെ പരേതനായ പീടേക്കാരന്‍ മില്ലില്‍ മാമുവിൻ്റെയും റുഖ്യാബിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: ഷബീല്‍ (ഖത്തര്‍), ഹാഫിള് സുഹൈല്‍ (കോഴിക്കോട്), സയീദ്, റുഖിയത്ത് ഷസ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ എം. (മുന്‍ പ്രവാസി), ലുക്മാനുല്‍ ഹക്കീം എം. (ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട്, തളങ്കര പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍), അഫ്സ, സുഹ്റ, സഫിയ, റാബിയ, സുമയ്യ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest