
മലപ്പുറം: നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ സംഭവത്തിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സമീന എന്ന യുവതി മാല മോഷ്ടിച്ചു വിഴുങ്ങി എന്നാണ് പോലീസ് പറയുന്നത്. മാല മോഷണം പോയതോടെ പരാതിക്കാർ തന്നെയാണ് സമീനയെ പോലീസിൽ ഏല്പിച്ചത്. സമീനയെ ചോദ്യം ചെയ്തതോടെ മാല വിഴുങ്ങിയ കാര്യം വ്യക്തമാവുകയും തുടര്‍ന്ന് സ്കാൻ ചെയ്ത് ഉറപ്പിക്കുകയുമായിരുന്നു. ആഭരണം വീണ്ടെടുക്കാൻ അടവുകൾ പലതും പോലീസ് പയറ്റിയെങ്കിലും ഫലം ഉണ്ടായില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്‍റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്കാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുകയായിരുന്ന സമയമാണ് കുഞ്ഞുങ്ങളോട് അടുത്ത് ഇടപഴകിയ സമീന കുട്ടിയുടെ മാല മോഷ്ട്ടിച്ചത്. മാല മോഷണം മനസ്സിലാക്കിയ പരാതിക്കാരി ഉടമ സമീനയെ തടഞ്ഞുവെച്ച് ഇതോടെ തൊണ്ടിമുതൽ വിഴുങ്ങി. തുടർന്ന് പോലീസിൽ പരാതി നല്കുകയാണുണ്ടായത്.
