വാളയാറില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വാളയാറില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ ദിവസം വാളയാറില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമരക്കാര്‍ ഉണ്ടെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം എട്ടിന് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ച ഇദ്ദേഹം ഒമ്പതാം തിയതി രാവിലെയാണ് വാളയാര്‍ അതിര്‍ത്തിയിലെത്തിയത്. ഇയാളടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്.

അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെ ഇവര്‍ ബഹളം വെച്ചു. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ സമരം നടത്തിയത്. സമരത്തില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ പങ്കെടുത്തിരുന്നു.

ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച നാല്‍പ്പതുകാരനായ മലപ്പുറം സ്വദേശി. സമരത്തില്‍ പങ്കെടുത്ത ശേഷം രാത്രി വൈകി ഇയാള്‍ ഛര്‍ദിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോഗലക്ഷണം കണ്ടു. തുടര്‍ന്ന് ഇരുവരേയും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇയാള്‍ക്കൊപ്പം അതിര്‍ത്തിയിലെത്തിയവരെ പിന്നീട് കോയമ്പത്തൂരിലെ ക്യാമ്പിലേക്ക് മാറ്റി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പിറ്റേന്ന് പാസ് അനുവദിച്ച് അവരവരുടെ ജില്ലകളിലേക്ക് അയക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നു വന്ന എട്ടുപേര്‍ വാളയാറില്‍നിന്ന് മറ്റൊരു വാഹനത്തില്‍ മലപ്പുറത്തേക്ക് പോയിരുന്നു. ഇവരെയും വാളയാറില്‍ ഇവരെ എത്തിച്ച ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0Shares