
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നും ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായെന്നും റിപ്പോർട്ടുണ്ട്.

മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എം.എൽ.എ എ.എൻ.ഷംസീർ എന്നിവരാകും യുവനിരയിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിൻ്റെ പേര് നിലവിൽ പരിഗണിക്കുന്നില്ലെന്നാണ് വിവരം. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രൻ്റെയും സി.കെ. രാജേന്ദ്രൻ്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.
പി.ജയരാജൻ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രായം പരിഗണിച്ച് ജയരാജൻ ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. എന്നാൽ വടകരയിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന് പാർട്ടി സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യക്തി പൂജയുടെ പേരിൽ പാർട്ടി നടപടിയെടുത്തതും ജയരാജന് തിരിച്ചടിയായിരുന്നു.
