
തിരുവനന്തപുരം: സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 8:30 മണിയോടെയാണ് അന്ത്യം. 70 വയസായിരുന്നു. ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി പറഞ്ഞു.

രോഗബാധയെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാർച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളിൽ നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാ പ്രവർത്തനം, പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാർട്ടിയോടുള്ള കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേരുന്നു.
2015 ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു. തുടർന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയിൽ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണി കുറുപ്പിൻ്റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. 1979വരെ ആ സ്ഥാനത്ത് തുടർന്നു.
1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1980-82ൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1990 -95 ൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995 ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002 ൽ ഹൈദരാബാദ് 17ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ാം പാര്ടി കോൺഗ്രസിൽ പി.ബി അംഗമായി.
അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരി, ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരത്തിൽ പൊലീസിൻ്റെ ഭീകര മർദനമേറ്റു. 1982 ൽ തലശേരിയിൽ നിന്നാണ് ആദ്യമായി നിയമ സഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനം ചെയ്തു. 2006 -11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു.

പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവെച്ചു. പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിലും ശത്രുവർഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾ തുറന്നു കാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു. തലശേരി എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എം.വി രാജഗോപാലിന്റെ മകൾ എസ്.ആർ വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനിറ്റ.
