
കാസർകോട്: ശുചിത്വത്തിന് മുഖ്യ പരിഗണന നല്‍കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്. ധനകാര്യ കമ്മീഷൻ്റെ പ്രത്യേക ഉദ്ദേശ ഗ്രാന്റ് ഉപയോഗിച്ച് 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,60,90,400/ രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാനിരിക്കുന്നത്. ശുചിത്വ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തി ഏപ്രിലോടെ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

ആധുനിക സൗകര്യങ്ങളോട് കൂടിയ ശ്മശാന നിര്‍മ്മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷം രൂപയും കാറഡുക്ക വില്ലേജിന് 20 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സീവേജ് പ്ലാന്റ് നിര്‍മ്മിക്കാന്‍ 80 ലക്ഷം വകയിരുത്തി. വിവിധ സ്‌കൂളുകള്‍ക്ക് പെണ്‍ സൗഹൃദ ശുചിമുറികള്‍ സ്ഥാപിക്കാന്‍ 90 ലക്ഷം രൂപ അനുവദിച്ചു. ഇത് പ്രകാരം എളമ്പച്ചി ജി.എച്ച്.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, രാവണേശ്വരം ജി.എച്ച്.എസ്.എസ്, കോടോത്ത് ബി.ആര്‍.എം.എച്ച്.എസ്.എസ്, ചെമ്മനാട് ജി.എച്ച്.എസ്.എസ്, ബംഗര മഞ്ചേശ്വരം ജി.എച്ച്.എസ്.എസ്, കൊടിയമ്മ ജി.എച്ച്.എസ്.എസ്, പാണ്ടി ജി.എച്ച്.എസ്.എസ്, ചീമേനി ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് പെണ്‍ സൗഹൃദ ശുചിമുറികള്‍ ലഭിക്കുക.
വിവിധ സ്‌കൂളുകളില്‍ ഖരമാലിന്യ സംസ്‌ക്കരണത്തിനായി തുമ്പൂര്‍മൊഴി സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. പിലിക്കോട് ജി.എച്ച്.എസ്.എസ്, ബളാംതോട് ജി.എച്ച്.എസ്, പട്ല ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, മാലോത്ത് കസബ ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്.എസ്.എസ്, കക്കാട്ട് ജി.എച്ച്.എസ്.എസ്, ഇരിയണ്ണി ജി.വി.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, അട്ടേങ്ങാനം ജി.എച്ച്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് തുമ്പൂര്‍മൊഴി സ്ഥാപിക്കുന്നത്.
