വീടുകൾ കൊള്ളയടി വർധിക്കുന്നു; വീടുകളില്‍ ആക്രി പെറുക്കാന്‍ എത്തുന്നവരെ സൂക്ഷിക്കണം, മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വീടുകൾ കൊള്ളയടി വർധിക്കുന്നു; വീടുകളില്‍ ആക്രി പെറുക്കാന്‍ എത്തുന്നവരെ സൂക്ഷിക്കണം, മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

വീടുകൾ കൊള്ളയടി വർധിക്കുന്നു; വീടുകളില്‍ ആക്രി പെറുക്കാന്‍ എത്തുന്നവരെ സൂക്ഷിക്കണം; മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

തിരുവനന്തപുരം; വീടുകളില്‍ പഴയ വസ്‌തുക്കൾ പെറുക്കാനായി എത്തുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. പഴയ വസ്‌തുക്കള്‍ എടുക്കാനെന്ന വ്യാജേന വീടുകളില്‍ മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപരിചിതരായവര്‍ വീട്ടിലെത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കേരളാ പോലീസിൻ്റെ സന്ദേശം ഇങ്ങനെ:

വീടുകളില്‍ പാഴ്വസ്‌തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിൻ്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു.

ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിൻ്റെ കഷണം വീടിന് സമീപം അല്ലെങ്കില്‍ കോംബൗണ്ടിന് ഉള്ളില്‍ വെയ്ക്കുന്നു. തുടര്‍ന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറി നില്‍ക്കുകയും ചെയ്യുന്നു.

വാതില്‍ തുറക്കുന്ന ആളിനോട് താന്‍ ആക്രി പെറുക്കാന്‍ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിന്‍വശത്തേയ്ക്ക് അല്ലെങ്കില്‍ പഴയ വസ്‌തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു.

അവര്‍ ഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാന്‍ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുന്‍വശത്ത് കൂടിയോ പിന്‍വശത്തുകൂടിയോ വീടിനകത്ത് കടന്ന് വില പിടിപ്പുള്ള വസ്‌തുക്കള്‍ കൈക്കലാക്കുന്നു.

കാളിങ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍
കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

20 പവന്‍ സ്വര്‍ണമാണ് അവിടെ നഷ്ടമായത്. അപരിചിതര്‍ വീട്ടിലേയ്ക്ക് കടന്നു വരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുക. അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ പോലീസിനെ വിളിക്കുക.

0Shares