പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പിടി 7 ഇനിമുതൽ ‘ധോണി’; പുതിയ പേര് നൽകി വനം വകുപ്പ് മന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പിടി 7 ഇനിമുതൽ ‘ധോണി’; പുതിയ പേര് നൽകി വനം വകുപ്പ് മന്ത്രി

പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന്‍ (പിടി 7) ഇനി ധോണി എന്നപേരിൽ അറിയപ്പെടും. വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ആണ് ആനയ്ക്ക് പുതിയ പേരിട്ടത്. നാല് വർഷമായി ധോണി പ്രദേശത്തിനെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്.

ഇന്ന് പുലർച്ചെ ആരംഭിച്ച ദൗത്യത്തിന് ഒടുവിലാണ് ഒറ്റയാനെ കൂട്ടിലടച്ചത്. രാവിലെ മയക്കുവെടി വച്ച് വീഴ്‌ത്തിയ കൊമ്പനെ 4 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. മയക്കം വിട്ടതോടെ ബൂസ്‌റ്റർ ഡോസും നൽകി.

ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ കഴിഞ്ഞ നാലു വർഷമായി നാശമുണ്ടാക്കിയ കൊമ്പനാണ് ഇന്ന് പിടിയിലായത്. ധോണി ക്യാമ്പിൽ 140 യൂക്കാലിപ്‌സ് മരങ്ങൾ കൊണ്ടു ഉണ്ടാക്കിയ കൂട്ടിലാവും ഇനി കൊമ്പൻ്റെ വാസം.
2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7 .

0Shares