കൃഷിയിറക്കി ‘സുഭിക്ഷ’മായി കാസർകോട് സംസ്ഥാന തലത്തിൽ ഒന്നാമത്; കൃഷിയിറക്കിയത് 1174.97 ഹെക്ടർ തരിശു നിലത്തിൽ

  • Post category:local news
  • Reading time:2 mins read
You are currently viewing കൃഷിയിറക്കി ‘സുഭിക്ഷ’മായി കാസർകോട് സംസ്ഥാന തലത്തിൽ ഒന്നാമത്; കൃഷിയിറക്കിയത്  1174.97 ഹെക്ടർ തരിശു നിലത്തിൽ

സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതായി കാസർകോട് ജില്ല. പല മേഖലകളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലമാണ് കൃഷിയോഗ്യമാക്കിയത്. ഇതിൽ 560.39 ഹെക്ടറിൽ നെൽ കൃഷിയും 360.3 ഹെക്ടറിൽ മരച്ചീനിയും 193.887 ഹെക്ടറിൽ പച്ചക്കറിയും 38.5 ഹെക്ടറിൽ വാഴയും മറ്റ് ഫല വർഗങ്ങളും 15.4 ഹെക്ടറിൽ പയറു വർഗങ്ങളും കൃഷിയിറക്കി.

6.5 ഹെക്ടറിൽ ചെറു ധാന്യങ്ങൾ കൃഷി ചെയ്തത് പുതിയ കാൽവെപ്പായി. കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്ത് ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വിവിധ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് സുഭിക്ഷ കേരളം പദ്ധതി.

സുഭിക്ഷ കേരളത്തിൽ കൂടുതൽ ഭൂമി കൃഷി യോഗ്യമാക്കിയ കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയിൽ ഒന്നാം സ്ഥാനക്കാർ. 308.40 ഹെക്ടർ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്. 227.94 ഹെക്ടർ തരിശു സ്ഥലത്ത് കൃഷിറക്കി പരപ്പയും 152.5 ഹെക്ടറുമായി നീലേശ്വരവുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. കാറഡുക്ക ബ്ലോക്കിൽ 255 ഹെക്ടർ തരിശ് ഭൂമിയിലും കാസർകോട് ബ്ലോക്കിൽ 139.15 ഹെക്ടർ തരിശ് ഭൂമിയിലും മഞ്ചേശ്വരം ബ്ലോക്കിൽ 91.98 ഹെക്ടർ തരിശ് ഭൂമിയിലും കൃഷിയിറക്കി.

കൃഷി വകുപ്പിനും പഞ്ചായത്ത് ഭരണസമിതികൾക്കും ഒപ്പം യുവാക്കളും സംഘടനകളും നാട് മുഴുവനും ഒന്നിച്ച് നിന്നപ്പോൾ സുഭിക്ഷ കേരളം ജില്ലയിൽ ജനകീയ യജ്ഞമായി. ജില്ലയിൽ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായത് കർഷകർ മാത്രമായിരുന്നില്ല. തരിശിട്ട കൃഷി സ്ഥലം കൃഷി യോഗ്യമാക്കുന്നതിനുള്ള യജ്ഞത്തിൽ യുവജന ക്ലബ്ബുകളും സംഘടനകളും സ്വാശ്രയ സംഘങ്ങളും രാഷ്ട്രീയ പാർട്ടികളും കാർഷിക സംഘടനകളും സർവ്വീസ് സഹകരണ ബാങ്കുകളും പങ്കാളികളായി.

കോവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടൽ ഭക്ഷ്യക്ഷാമം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിൽ സംഘ ശക്തിയിൽ ആരംഭിച്ച സുഭിക്ഷ കേരളത്തിലൂടെ 12928.56 ടൺ ഭക്ഷ്യധാന്യമാണ് കാസർകോട്ടുകാർ വിളവെടുത്തത്. ഇതിലൂടെ ഏകദേശം 15 കോടിയുടെ അധിക വരുമാനമുണ്ടാക്കാൻ ജില്ലയ്ക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി പറഞ്ഞു.

കോവിഡിനെ തുടർന്നുണ്ടായ അടച്ചുപൂട്ടലിൽ തൊഴിൽ നഷ്ടപ്പെട്ടവരും പ്രവാസികളും യുവാക്കളും വീട്ടമ്മമാരുമെല്ലാം ഒറ്റക്കെട്ടായി കൃഷിയെ നെഞ്ചേറ്റിയപ്പോൾ ഇവർക്ക് ആവശ്യമായ പരിശീലനം നൽകുവാൻ കൃഷിവകുപ്പും കാർഷിക സർവ്വകലാശാലയും ഒപ്പമുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കർഷകർക്ക് പരിശീലനം നൽകാനായി വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ സജ്ജമാക്കി.

വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ 94 ക്ലാസുകൾ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി നടന്നു. ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിലേക്ക് കാർഷിക സർവകലാശാലയിലെ വിദഗ്ധനെ ചുമതലപ്പെടുത്തിയതും ഓരോ കൃഷിഭവന്‍റെയും ‘ജൈവഗൃഹ’ത്തോടനുബന്ധിച്ച് നടത്തിയ 246 കൃഷി പാഠശാലകളും കർഷകർക്ക് വഴികാട്ടിയായി.

0Shares