
കാസർകോട്: കൊവിഡ് മഹാമാരി കാലത്ത് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കൊവിഡ് ആശുപത്രി ഇനി ചായക്കടയായും വിശ്രമ കേന്ദ്രമായും ഗോഡൗണായും മാറും. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ആശുപത്രി പൊളിച്ചു നീക്കുന്നതിൻ്റെ മാനക്കേട് ഒഴിവാക്കുന്നതിന് കൂടിയാണ് പൊളിക്കുന്ന കണ്ടെയിനറുകള്‍ ഉപയോഗപ്പെടുത്താൻ അധികൃതർ മറ്റൊരു വഴി കണ്ടെത്തിയത്. 60 കോടി മുടക്കി നിർമ്മിച്ച ആശുപത്രിയാണ് പൊളിച്ചതിന് ശേഷം മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
കണ്ടെയിനറുകള്‍ അഴിച്ചെടുത്ത് സർക്കാരിൻ്റെ വിവിധ വകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമ്മാണ സ്ഥലത്തെ 24 കണ്ടെയിനറുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന് നാല് എണ്ണം, ഹാർബർ എഞ്ചിനിയർ വകുപ്പിന് 10, ഡിടിപിസി നാല്, വനംവകുപ്പ് രണ്ട്, മത്സ്യഫെഡ് നാല് എന്നിവയ്ക്ക് ഇവിടെ നിന്ന് പൊളിച്ചുകൊണ്ടു പോകും.
തെക്കില്‍ വില്ലേജില്‍ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്. കൃത്യമായ അറ്റുകുറ്റപ്പണിയും മറ്റും നടത്താത്ത ആശുപത്രിയുടെ കണ്ടെയിനർ നശിച്ചത് വിമർശനത്തിന് കാരണമാക്കിയിരുന്നു.

ആശുപത്രിയുടെ വികസനം ചർച്ച ചെയ്യുന്നതിന് സിഎച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ക്രിട്ടിക്കല്‍ കെയർ നിർമ്മിക്കുന്ന സ്ഥലത്തെ കണ്ടെയിനറുകള്‍ ആവശ്യമുള്ള സർക്കാർ വകുപ്പുകള്‍ക്ക് നല്‍കാൻ തീരുമാനിച്ചത്.
കണ്ടെയിനറുകള്‍ കൊണ്ടു പോകുന്നതിനുള്ള ചെലവ് അതത് വകുപ്പുകള്‍ വഹിക്കണം. മൂന്ന് ബ്ലോക്കുകളിലായി ആകെ 128 കണ്ടെയിനറുകളാണ് കൊവിഡ് ആശുപത്രിക്കായി ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ ആവശ്യം കഴിഞ്ഞ് കണ്ടെയിനർ ബാക്കിയുണ്ടെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ടെൻഡർ ചെയ്‌ത് നല്‍കും.
കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി രോഗികളുടെ എണ്ണം കുറഞ്ഞശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥക്ക് കാരണമായത്. നിർമ്മിച്ചു നല്‍കിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരുന്നു. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങള്‍ക്ക് ഉപയോഗിക്കാം എന്നായിരുന്നു അറിയിച്ചത്. റോഡ്, വൈദ്യുതി എന്നിവയ്ക്ക് 12 കോടിയോളം രൂപ സർക്കാരും ചെലവഴിച്ചിരുന്നു.
