
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ.കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഇളവ് ഉണ്ടാകില്ല. സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും അന്വേഷണം നടത്തി ഉടൻ വ്യക്തത വരുത്തുമെന്നും ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ പറഞ്ഞു.
“ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ടിപി കേസിലെ പ്രതികളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ജയിൽ ഉദ്യോഗസ്ഥർക്ക് അതിനുള്ള യോഗ്യരായ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി. അങ്ങനെ നിരവധി തടവുകാർ ഉണ്ട്. 10 വർഷം സ്വയമേവ പട്ടികയിൽ ഉൾപ്പെടുത്തി, ”അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ സംരംഭമായ ആസാദി കാ അമൃത് മഹോത്സവത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യുന്നത് ഉൾപ്പെടുന്നു. എന്നിരുന്നാലും, വധശിക്ഷ, ജീവപര്യന്തം, ബലാത്സംഗം, ഭീകരത, സ്ത്രീധന മരണങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ഈ പദ്ധതി ബാധകമല്ല. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 59 കുറ്റവാളികളെ ഇത്തരത്തിൽ വിട്ടയക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷാ ഇളവ് നല്‍കാനായി പരിഗണിക്കുന്നവരുടെ പട്ടികയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ടത്.
2022 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതികളെ വിട്ടയക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ കത്തില്‍ പറയുന്നു. അതിനാല്‍ പ്രതികളുടെ ബന്ധുക്കള്‍, കുറ്റകൃത്യത്തിന് ഇരയായവര്‍ എന്നിവരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഈ മാസം 13ന് നല്‍കിയ കത്തിലെ ആവശ്യം. ശിക്ഷാ ഇളവ് ഇല്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലുവില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു. പ്രതികള്‍ക്ക് ഈ മാസം പരോളും അനുവദിച്ചിരുന്നു.
