Categories
കാസർകോട്ടെ കാറഡുക്ക സൊസൈറ്റിയിൽ നടന്ന തിരിമറി നേരത്തെ അറിഞ്ഞിരുന്നു; പണം തിരികെകിട്ടും എന്ന പ്രതീക്ഷയിൽ സംഭവം പുറംലോകം അറിയാതെ നോക്കി; പരാതി നൽകിയത് എല്ലാം കൈവിട്ടപ്പോൾ; നഷ്ടമായത് അഞ്ച് കോടിയോളം രൂപ; വെട്ടിലായി സി.പി.ഐ.എം
സൊസൈറ്റി പ്രസിഡണ്ടും സി.പി.ഐ.എം നേതാവുമായ കെ.സൂപ്പിയാണ് ആദൂർ പോലീസിൽ പരാതി നൽകിയത്.
Trending News





കാസർകോട്: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. അംഗങ്ങളറിയാതെ അവരുടെ പേരിൽ ബാങ്ക് സെക്രട്ടറി കെ.രതീശൻ സ്വർണ്ണവായ്പ എടുത്തെന്നാണ് പരാതി. സൊസൈറ്റി പ്രസിഡണ്ടും സി.പി.ഐ.എം നേതാവുമായ കെ.സൂപ്പിയാണ് ആദൂർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി കെ.രതീശന് എതിരെ ആദൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണ വായ്പ എടുത്തു, പണയം വച്ച സ്വർണ്ണം കടത്തികൊണ്ട് പോയി, അപക്‌സ് ബാങ്ക് സൊസൈറ്റിയ്ക്ക് നൽകിയ പണം തട്ടിയെടുത്തു എന്നിങ്ങനെയാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Also Read

സംഭവം അറിഞ്ഞിട്ടും പുറംലോകം അറിയാതെ മൂടിവച്ച നടപടി പാർട്ടിയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. പണം തിരികെ ലഭിക്കും എന്ന വിശ്വാസത്തിലാണ് മൂടിവെച്ചത്. എന്നാൽ സെക്രട്ടറി നാട് വിട്ടത് നേതൃത്വത്തിന് ആശങ്ക ഉണ്ടാക്കി. സംഭവം കൈവിട്ടെന്ന് അറിഞ്ഞ നേതൃത്വം ഉടൻ പോലീസിൽ അറിയിക്കാൻ ഒരുങ്ങുകയുമായിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകുന്നത്. പ്രതിയായ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സി.പി.ഐ.എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് സെക്രട്ടറി കെ.രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത്. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സി.പി.ഐ.എം പറയുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതി നിലവിൽ ബംഗ്ലുരുവിൽ ഉണ്ടെന്നാണ് വിവരം. 4.76 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Sorry, there was a YouTube error.