
കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇരുവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കോളേജിലെ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം, പോലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്ക് പരാതിനൽകി. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണം. മുഖം നോക്കതെയുള്ള അന്വേഷണമാണ് ആവശ്യമെന്നും കുടുംബം പറഞ്ഞു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകൻ്റെ മരണം കൊലപാതകം ആണെന്നും രാജൻ ആരോപിച്ചു. മകൻ്റെ മരണത്തിനുശേഷം കോളേജ് അധികൃതരോ വിദ്യാർഥികളോ വീട്ടിലെത്താത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിതിൻ രാജിൻ്റെ കുടുംബത്തൊടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തെ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും ആരോപണങ്ങൾ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിതിൻ്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇൻ്റേണൽ മാർക്ക് വച്ചാണ് അധ്യാപകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നത്. പുതിയ സർക്കാർ ഇക്കാര്യം പരിശോധിക്കണം. പരീക്ഷ സമ്പ്രദായം പരിഷ്‌കരിക്കുമ്പോൾ ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്നതിന്ന് അപ്പുറം ഇൻ്റേണൽ മാർക്ക് എന്തു ചെയ്യണമെന്ന് ആലോചിക്കണം. മരണവീട്ടിൽ അധ്യാപകരോ കുട്ടികളോഎത്താത്തതിലും ദുരൂഹതയുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്തിയിരിക്കാമെന്നും മന്ത്രി പറഞ്ഞു.
