
കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള(എ.എ.ഡബ്ല്യൂ.കെ) കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു. കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന ട്രഷറർ പി.സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പുതിയ പദ്ധതിയായ “ലൈഫ് ലൈൻ” പദ്ധതിയെ കുറിച്ചും ഈ പദ്ധതിയിൽ അംഗമാകുന്ന വ്യക്തിയുടെ കുടുംബത്തിന് മരണാന്തര സഹായ ധനമായി 10 ലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് എം.വിനോദ് കുമാർ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സുരേഷ് കുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് എം.എൻ. ഗുണേന്ദ്ര ലാൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.വി. ദേവീദാസ് സംഘടനാ വിശദീകരണം നടത്തി.

ജില്ലാ ട്രഷറർ എൻ. മനു വിനായക പരിശീലന പദ്ധതിയെ കുറിച്ചും ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ് വെൽഫെയർ, ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. പ്രേകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹേഷ് റാവു വരവുചെലവ് കണക്കും അവതരിപ്പിച്ചു. രതീഷ് മടിക്കൈ, എം.വി.അരവിന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ വച്ച് 2024- 25 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായ മെമ്പർമാരുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാർ സ്വാഗതവും രഞ്ജിത്ത് ആവിക്കര നന്ദിയും പറഞ്ഞു.
