
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്‍റെ തന്നെ ഒരു വിശ്വസ്തൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയൻ പ്രതികരിച്ചത്.
ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തൻ പറഞ്ഞെങ്കിലും കെ. സുധാകരൻ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാൻ പറ്റുമായിരുന്നില്ല. എനിക്ക് എന്താണ് ചെയ്യാൻ പറ്റുകയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പേടിക്കുമെന്ന് കരുതി ഇക്കാര്യം ഭാര്യയോട് പോലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാൽ അത് യഥാർഥത്തിൽ നടന്നിട്ടില്ല എന്നും പിണറായി വിജയൻ പറഞ്ഞു.ബ്രണ്ണൻ കോളജിൽ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താൻ അവിടെ ഉണ്ടായിരുന്നത്. ഫ്രാൻസിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതിൽ പറയുന്നു. കത്തി കൊണ്ട് നടക്കുന്ന പലരേയും തനിക്ക് അറിയാമെങ്കിലും ഈ ഫ്രാൻസിസ് എന്നുപറയുന്നയാളെ തനിക്ക് പരിചയമില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.
