
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 17-7-2024 ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നാളെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം ചർച്ചചെയ്യും. റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കടുക്കുമെന്നാണ് വിവരം.
