
കാസർകോട് : കഴിഞ്ഞ ദിവസം മധൂർ മീപ്പുഗിരിയിൽ യുവാവിനെ സംഘപരിവാർ അനുകൂല സംഘം കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിയെ കണ്ടു. SP ഡി ശിൽപ IPS നെ നേരിൽക്കണ്ട് ജില്ലയിലെ ക്ക്രമസമാധാന നിലയുടെ ആശങ്ക അറിയിച്ചു. സംഘപരിവാർ പ്രവർത്തകനായ കൊലക്കേസ് പ്രതിക്ക് മതിയായ ശിക്ഷ ലഭിക്കാത്തതിൻ്റെ പരിണിത ഫലമാണ് ഈ സംഭവമെന്നും മതസ്പർദ്ധയുണ്ടാക്കാനുള്ള ശക്തമായ ഗൂഢശ്രമം ഈ സംഘത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവിയെ ബോധ്യപ്പെടുത്തി. വരുംകാല സുരക്ഷിതത്വം മുൻനിർത്തി ഈ സംഭവത്തിലെ പ്രതികൾക്കെതിരെയും ബാഹ്യ ശക്തികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ട്രഷറർ പി.എം മുനീർ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, മധൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശംസുദ്ധീൻ, ജനറൽ സെക്രട്ടറി മജീദ് പട്ല, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ധീഖ് ബേക്കൽ, എന്നിവരാണ് എസ്.പി.യെ കണ്ടത്.
