ഒടുവിൽ മിഴിതുറന്ന് ഇന്ത്യയും; ഇസ്രയേലിന് എതിരായ യു.എൻ പ്രമേയത്തിന് പിന്തുണ, അനുകൂലിച്ചത് 145 രാജ്യങ്ങള്‍

  • Post category:international / news
  • Reading time:1 min read
You are currently viewing ഒടുവിൽ മിഴിതുറന്ന് ഇന്ത്യയും; ഇസ്രയേലിന് എതിരായ യു.എൻ പ്രമേയത്തിന് പിന്തുണ, അനുകൂലിച്ചത് 145 രാജ്യങ്ങള്‍

ടെല്‍ അവീവ്: അധിനിവേശത്തിലുള്ള കിഴക്കൻ ജെറുസലേമും മറ്റ് ഫലസ്‌തീൻ പ്രദേശങ്ങളും സിറിയയിലെ ഗോലാനും സ്വന്തമാക്കാൻ ഇസ്രയേല്‍ ജൂതകോളനികള്‍ സ്ഥാപിക്കുകയാണ്. ഇതിനെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ ഇന്ത്യയടക്കം 145 രാജ്യങ്ങള്‍ അനുകൂലിച്ചു. ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ വൻശക്തികളും ഒപ്പം നിന്നു. യു.എസ് അടക്കം ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു.

യു.എൻ പൊതുസഭയുടെ സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ആൻഡ് ഡീ കോളണൈസേഷൻ കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്. അധിനിവേശ പ്രദേശങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതും അവിടത്തെ ജനങ്ങളെ മാറ്റുന്നതും ഉടൻ നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ മുൻ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

ആക്രമണം തുടരുന്നതിനിടെ ഗാസ സിറ്റിയിലെ അല്‍- ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെയും അവശനിലയിലായ മറ്റ് രോഗികളെയും സുരക്ഷിത ആശുപത്രികളിലേക്ക് മാറ്റാൻ തയ്യാറായി ഇസ്രയേല്‍ സേന.

വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ ഉണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ അടക്കം 12 രോഗികള്‍ മരിച്ചിരുന്നു. നിലവില്‍ 45 കുഞ്ഞുങ്ങള്‍ അല്‍- ഷിഫയിലുണ്ട്. അല്‍- ഖുദ്‌സ് ആശുപത്രിയിലെ വൈദ്യുതിയും നിലച്ചു.

വൈദ്യുതി ബന്ധം നിലച്ചതോടെ ഇൻകുബേറ്ററില്‍ ആയിരുന്ന നവജാത ശിശുക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനം ഇല്ലാതായതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക ആണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്‌സും അറിയിച്ചു.

അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.

0Shares