
കാസർകോട്: രാജ്യത്ത് ഭരണഘടനാ തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കാസർകോട് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസം മതേതരത്വം ഫെഡറലിസം ജനാധിപത്യം എന്നിവയെല്ലാം ഇന്ന് ഭീഷണി നേരിടുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശം രാജ്യത്തെ മൊത്തം സമ്പത്തിൻ്റെ 40% ഉണ്ട്, അതേസമയം രാജ്യത്തെ പാവപ്പെട്ടവരായ 50 ശതമാനം ജനങ്ങൾക്കായി ആകെ സമ്പത്തിൻ്റെ 3% മാത്രമാണ് പങ്കിടാൻ ഉള്ളത്. ഈ വലിയ അസമത്വം നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് തത്വങ്ങൾക്ക് വിരുദ്ധമാണ്. ഒരു ജനാധിപത്യ രാജ്യത്തിന് അസമത്വങ്ങൾ ഭൂഷണമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങൾ വിയോജിപ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണതകൾ എന്നിവ ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഭരണഘടനാ തത്വങ്ങൾക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. ജനാധിപത്യത്തിൻ്റെ നെടുംതൂണുകൾ ആയ നിയമവ്യവസ്ഥ, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു എന്നത് ആശങ്കാജനകമാണ്.

അമേരിക്കൻ പ്രസിഡന്റിൻ്റെ പുതിയ വ്യാപാര നയങ്ങൾ നമ്മുടെ രാജ്യത്തെ കർഷകർ പുതിയ വെല്ലുവിളിയായി കാണേണ്ടതുണ്ട്. ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾക്കു ഉയർന്ന നികുതി ചുമത്തുകയും ഇന്ത്യയിലേക്ക് കാർഷിക, ക്ഷീര ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ആശങ്ക ഉയർത്തുന്നതാണ്. അതിനാൽ നമ്മുടെ പ്രാദേശികമായ ഉൽപ്പന്നങ്ങൾ വിപണിയിൽ പ്രോത്സാഹിപ്പിച്ച് നമ്മുടെ കാർഷിക മേഖലയെ കൂടുതൽ സ്വയം പര്യാപ്തമാക്കാൻ നമുക്ക് കഴിയണം. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളും സോഷ്യലിസ്റ്റ് ചിന്തകരും സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കണം, എങ്കിലും പുരോഗമനപരമായ നിലപാടുകളിലൂടെയും വികസനോന്മുഖമായ കാഴ്ചപ്പാടുകളിലൂടെയും സാമൂഹികനീതിയിൽ ഊന്നിയ ഭരണത്തിലൂടെയും കേരളം ആ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുകയാണെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
