
കാസര്‍കോട് പെര്‍ളയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. പ്രദേശത്തെ കെ ജി റോഡിനടുത്തുള്ള അജിലടുക്ക സ്വദേശിനി സുശീല (38)യാണ്. ഭര്‍ത്താവ് ജനാര്‍ദ്ദന (45)നാല്‍ കൊല്ലപ്പെട്ടത്. സുശീലയെ പലകകൊണ്ട് തലക്കടിച്ചു കൊലചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ നടന്ന നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂലിപ്പണി ചെയ്യുന്ന ജനാര്‍ദ്ദന പണിക്ക് ശേഷം മദ്യ ലഹരിയിലെത്തി തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച് വീഴ്ത്തിയതിന് ശേഷം വീടിന്‍റെ മുന്‍വശത്തെ വാതില്‍ അടച്ച് പുറത്തിറങ്ങി പോവുകയായിരുന്നു. വളരെ നേരം കഴിഞ്ഞ് അയല്‍വാസിയും ബന്ധുവായ സ്ത്രീയും വന്ന് നോക്കുമ്പോള്‍ രക്തം വാര്‍ന്നൊഴുകിയ വീണു കിടക്കുന്ന സുശീലയെ കാണുകയും ഉടനെ പെര്‍ള ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇവരെ കാസര്‍കോട്ടെ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ദിവസവും മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കുകൂടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.
സംഭവശേഷം പെര്‍ള ടൗണിലൂടെ പോവുകയായിരുന്ന ജനാര്‍ദ്ദനയെ നാട്ടുകാര്‍ പിടികൂടി ബദിയടുക്ക പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. പൃത്വിരാജ്, അഖില്‍ രാജ് എന്നിവര്‍ മക്കളാണ്.
