
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ മറവിൽ അവയവ കച്ചവടമാണ് നടന്നെതെന്ന സംശയവും ഉയർന്നിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ കരളും മറ്റു പ്രധാന അവയവങ്ങളും ഭക്ഷിച്ചുവെന്നാണ് ഷാഫിയും ലൈലയും പറയുന്നത്. എന്നാൽ ലൈല തികച്ചും സസ്യഭുക്കായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്. ഇതും അവയവ കച്ചവടത്തിലേക്ക് വിരൽ ചൂണ്ടുന്നതായി സംശയിക്കുന്നു. അതിനാൽ ഷാഫിയും ലൈലയും ഉപയോഗിച്ച ഫോൺ കോൾ വിവരങ്ങളും സോഷ്യൽ മീഡിയ സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി പ്രവർത്തിച്ചതിൽ പൊലീസ് അന്വേഷണം. നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇത്തരം സംശയം പൊലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്.

പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷാഫി കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇലന്തൂരിലെ വിട്ടുവളപ്പിലെ തുടർപരിശോധന നിർണ്ണായകമാകും.
ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിൽ ഡമ്മി പരിശോധനയും നടത്തുന്നു. കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന നടത്തുന്നത്. സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടി പുരോഗമിക്കുകയാണ്. ഇത്ര സുദീർഘമായ പോസ്റ്റ്മോർട്ടവും അപൂർവ്വമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളും കണ്ടെത്തിയവയിലുണ്ടോ എന്നതും പോസ്റ്റ്മോർട്ടം നടപടിയിൽ വ്യക്തമാകും. നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഫോറൻസിക് വിഭാഗം ഭഗവൽ സിംഗിൻ്റെ വീട്ടിലെ കുറ്റകൃത്യം നടന്ന മുറിയിലും പരിസരത്തും വ്യാപക പരിശോധനകൾ ആണ് നടത്തുന്നത്. വീട്ടുപറമ്പ് അന്വേഷണ സംഘം വിശദമായി കുഴിച്ച് പരിശോധിക്കും. പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലി നടത്തിയോ എന്നറിയാനാണ് ഈ പരിശോധന. മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് ഇവിടെ പരിശോധന നടത്തിയത്.
നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം കുഴിച്ച് പരിശോധിക്കും. ഒരിടത്ത് പരിശോധിച്ചപ്പോഴാണ് എല്ല് കണ്ടെത്തിയത്. ഇത്തരത്തിൽ മൂന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.

ഇത്തരത്തിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം സംശയാസ്പദമായ സാഹചര്യത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നേരത്തെ പത്മയെയും റോസ്‍ലിനെയും കുഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലും ഇത്തരത്തിൽ മഞ്ഞൾ ചെടിയടക്കം നട്ടുവളർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങൾ പരിശോധിക്കേണ്ടിവരും.
കൊലപാതകം നടത്തി മൃതദേഹം കഷ്ണങ്ങൾ ആക്കുന്നതിൻ്റെ പൊലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോദിച്ചു വരികയാണ്. സിംഗിൻ്റെ വൈദ്യരുടെ തിരുമ്മൽ കേന്ദ്രത്തിലും പരിശോധനകൾ നടന്നു. ഇവിടെ നിന്നും ചില ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ കൃത്യത്തിന് ഉപയോഗിച്ചതാണോ എന്ന് ശാസ്ത്രീയ പരിശോധനകൾ നടത്തിയാൽ മാത്രമേ വ്യക്തമായിട്ടില്ല.
