
സ്പെഷ്യൽ റിപ്പോർട്ട്
കാസർകോട്: ജില്ലയിലെ കോവിഡ് വ്യാപനത്തിൽ പ്രത്യേക ക്ലസ്റ്ററായി മാറിയ വിവാഹ വീടാണ് നാട്ടുകാർക്കിടയിൽ ഇപ്പോൾ സംസാര വിഷയം. മാസങ്ങൾക്ക് മുമ്പ് നടന്ന നിക്കാഹ് അടക്കമുള്ള വിവാഹ ചടങ്ങിന് ശഷം വധുവിനെ കൂട്ടികൊണ്ടുപോകുന്ന ലളിതമായ ചടങ്ങായിരുന്നു ജൂലൈ 16 ന് ചെങ്കള പിലാങ്കട്ടയിലെ വധുവിന്‍റെ വീട്ടിൽ നടന്നത് എന്ന് നാട്ടുകാർ പറഞ്ഞു. വരനും അടുത്തബന്ധുക്കളും ചേർന്ന് കുറച്ചു ആളുകൾ മാത്രമാണ് വധുവിന്‍റെ വീട്ടിൽ എത്തിയത്.
വധുവിന്‍റെ വീട്ടിലും കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ചടങ്ങിന് എത്തി മടങ്ങിയ ആളുകളിൽ കോവിഡ് പകരുകയും അത് മറ്റു വീടുകളിലേക്ക് വ്യാപിക്കുകയും ചെയ്തതാണ് ആളുകളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടാകാന്‍ കാരണം.

ഈ ചടങ്ങ് നടക്കുന്ന കാര്യം ചങ്കളയിലെ ആരോഗ്യവിഭാഗം ജീവനക്കാർക്ക് അറിയാമായിരുന്നു. ചെർക്കളയിലെ മരണ വീടുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം നടക്കുമ്പാഴാണ് ഈ ചടങ്ങും നടന്നത്. ചെങ്കള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണം ശക്തമാക്കിയ സമയമായിരുന്നു അത്. എന്നാൽ ആഘോഷ ചടങ്ങിന് നിയന്ത്രണം ഏർപെടുത്തിയിരുന്നില്ല. അതിനാൽ തന്നെ വരന്‍റെ വീട്ടുകാർ ചടങ്ങ് നടക്കുന്ന കാര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചിരുന്നു.
എന്നാൽ ചടങ്ങ് നീട്ടിവെക്കാനോ വേണ്ടന്ന് വെക്കാനോ ആരോഗ്യവിഭാഗം നിര്‍ദ്ദേശം നൽകിയില്ല. മറിച്ച് ചടങ്ങിന് മൗനാനുവാദം നല്‍കുകയാണുണ്ടായത്. ഇത് ഗുരുതര വീഴ്‍ച്ച തന്നെയാണ്. മാത്രമല്ല ചടങ്ങ് നടക്കുന്ന വീട്ടിൽ മുൻകരുതൽ നടപടി സ്വീകരിച്ചോ എന്നതും പരിശോധിക്കപ്പെട്ടില്ല. ഇതെല്ലം ആരോഗ്യവിഭാഗത്തിന്‍റെ വീഴ്ച്ചയാണ് എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
അത് മറച്ചുവെച്ചാണ് ഇപ്പോൾ എല്ലാവരും ഇരു കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത്. യഥാര്‍ത്ഥ കാര്യങ്ങൾ വിളിച്ചുപറയുന്നവരെ ഇപ്പോൾ നിശ്ശബ്ദരാക്കി നിർത്താനാണ് ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്തും ശ്രമിക്കുന്നത്. ജനം സത്യം തിരിച്ചറിയണം, ഉന്നത ഉദ്യോഗസ്ഥർ കാര്യങ്ങൾ മനസ്സിലാക്കണം എന്നും നാട്ടുകാർ പറഞ്ഞു. വിവാഹവീട്ടിലെ ചടങ്ങ് എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ മറ്റേതോ വീഡിയോ പ്രചരിക്കപ്പെടുകയാണെന്നും ഇത് പിലാങ്കട്ടയിൽ നടന്ന ചടങ് അല്ല എന്നും പിലാങ്കട്ടയിൽ അത്തരത്തിലുള്ള ചടങ്ങ് നടന്നിട്ടില്ല എന്നും നാട്ടുകാർ പറഞ്ഞു.
