സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്‌ടർമാർ സമരത്തിലേക്ക്; കാസർകോട്ടും പ്രതിഷേധം, കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്‌ടർമാർ സമരത്തിലേക്ക്; കാസർകോട്ടും പ്രതിഷേധം, കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഡോക്‌ടർമാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണ്ണമായും അടച്ചിടുമെന്നു സൂചന. മറ്റിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമായി ചുരുക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

ഹൗസ് സര്‍ജന്‍മാര്‍ പൂര്‍ണ്ണമായ പണിമുടക്കിലേക്ക് കടക്കുകയാനിന്നും സൂചനയുണ്ട്. കാസർകോട് ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഐ.എം.എ കേരള ഘടകം ഡോക്‌ടർമാർ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖല, സഹകരണ മേഖല ആശുപത്രികളിലെ ഡോക്‌ടർമാർ സമരത്തില്‍ പങ്കെടുക്കും.

അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ മേഖലയിലും സമരം നടക്കും. വ്യാഴാഴ്‌ച രാവിലെവരെ സമരം തുടരാനാണ് ഇപ്പോഴുള്ള തീരുമാനം.

കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്‌ടർമാരും ജീവനക്കാരും പ്രധിഷേധിക്കുന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കൊട്ടാരക്കര നഗരത്തിലൂടെയാണ് പ്രതിഷേധം നടക്കുന്നത്. ഡോക്‌ടർമാരും നഴ്‌സുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ആശുപത്രികളില്‍ ഡോക്‌ടർമാരും മറ്റ് ജീവനക്കാരും ആക്രമിക്കപ്പെടുന്നതും ആശുപത്രിക്ക് നേരെ ആക്രമണം നടക്കുന്നതും അടുത്തകാലത്ത് സംസ്ഥാനത്ത് പതിവാകുകയാണ്. ആദ്യമായാണ് ഒരു ഡോക്‌ടർ കൊല്ലപ്പെടുന്നത്.

0Shares