ലങ്കന്‍ പ്രസിഡണ്ട് ഗോത്തബയ രജപക്‌സെ രാജ്യം വിട്ടത് മാല ദ്വീപിലേക്ക്; സ്ഥിരീകരിച്ചത് വ്യോമസേന, കൊളംബോയില്‍ കലാപം

  • Post category:international / news
  • Reading time:1 min read
You are currently viewing ലങ്കന്‍ പ്രസിഡണ്ട് ഗോത്തബയ രജപക്‌സെ രാജ്യം വിട്ടത് മാല ദ്വീപിലേക്ക്; സ്ഥിരീകരിച്ചത് വ്യോമസേന, കൊളംബോയില്‍ കലാപം

കൊളംബോ: പ്രസിഡണ്ട് ഗോത്തബയ രാജപക്‌സെയും ഭാര്യയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക വിമാനത്തില്‍ രാജ്യം വിട്ടതായി ശ്രീലങ്കന്‍ വ്യോമസേന സ്ഥിരീകരിച്ചു. പ്രസിഡണ്ടില്‍ നിക്ഷിപ്തമായ എക്‌സിക്യൂട്ടീവ് അധികാരത്തിന് കീഴിലാണ് നടപടിയെന്നും വ്യോമസേന വിശദീകരിച്ചു.

അതേസമയം രാജി പ്രഖ്യാപിക്കാതെ ഗോത്തബയ രഹസ്യമായി രാജ്യം വിട്ടതോടെ കൊളംബോയില്‍ കലാപ സമാനമായ സാഹചര്യമാണുള്ളത്.

പാര്‍ലമെണ്ടും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ ജനം പിരിഞ്ഞു പോകാന്‍ തയാറാകാതെ പ്രതിഷേധിക്കുകയാണ്. പ്രത്യേക സൈനിക വിമാനത്തില്‍ മാലദ്വീപില്‍ ഇറങ്ങിയ ഗോത്തബയ ഉടന്‍ മറ്റൊരു രാജ്യത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഗോത്തബയക്കൊപ്പം ഭാര്യ ലോമ രജപക്‌സെയും സഹോദരന്‍ ബേസില്‍ രാജപക്‌സെയും രാജ്യം വിട്ടുവെന്നാണ് വാര്‍ത്തകളെങ്കിലും ഗോത്തബയയും ഭാര്യയും മാത്രമാണ് രാജ്യം വിട്ടതെന്നാണ് ശ്രീലങ്കന്‍ വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.

വിദേശ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള രജപക്‌സെ കുടുംബം ഏത് രാജ്യത്തേക്കാണ് പോവുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയ ഗോത്തബയ രജപക്‌സെയെ ശ്രീലങ്ക വിടാന്‍ സഹായിച്ചെന്ന പ്രചാരണം ഇന്ത്യ തള്ളി. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആവര്‍ത്തിച്ചു. ഗോത്താബായ രജപക്‌സയെ വ്യോമസേനയുടെ വിമാനം നല്‍കി രാജ്യം വിടാന്‍ സഹായിച്ചതും, അഭയമൊരുക്കാന്‍ മാലിദ്വീപ് സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തിയതും ഇന്ത്യയാണ് എന്നായിരുന്നു പ്രചാരണം.

0Shares