
കുമ്പള / കാസർകോട്: നോമ്പ് തുറയില്‍ പങ്കെടുക്കുന്നതിനായി വീട് പൂട്ടി പോയ ഗള്‍ഫുകാരൻ്റെ വീടിൻ്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് 17 സ്വര്‍ണ നാണയങ്ങളും സ്വര്‍ണ്ണാഭരണങ്ങളും കറന്‍സിയും കവര്‍ന്നു.
കുമ്പള ശാന്തിപ്പളം ബദരിയ നഗര്‍ റോഡിന് സമീപത്തെ സുബൈറിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്‌ച സുബൈറും കുടുംബവും വീട് പൂട്ടി നോമ്പ് തുറക്കാനായി ഉളുവാറിലെ സഹോദരൻ്റെ വീട്ടില്‍ പോയിരുന്നു. ചൊവാഴ്‌ച രാവിലെ ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്.

വീടിൻ്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് താഴത്തെ നിലയിലെ രണ്ട് അലമാരകളും തകര്‍ത്ത നിലയിലാണ്. ഒരു അലമാരയിലായിരുന്നു സ്വര്‍ണ നാണയങ്ങളും സ്വര്‍ണ്ണാഭരണങ്ങളും കറന്‍സിയും സൂക്ഷിച്ചിരുന്നത്. 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം.
വീടിൻ്റെ രണ്ട് ഗേറ്റുകളും പൂട്ടിയിരുന്നു. വീടിൻ്റെ ഒരു വശത്തെ ചെറിയ ഗേറ്റിൻ്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചാ സംഘം അകത്ത് കടന്നത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജോയ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
