ഭാഗ്യദേവത കടാക്ഷിച്ചു; വായ്‌പ വേണ്ടെന്ന് ബാങ്കിനെ അറിയിച്ചു, ഓട്ടോ ഓടിക്കുന്നത് നിര്‍ത്തും, തുക ഉപയോഗിക്കുക എന്തിനെന്ന് വെളിപ്പെടുത്തി ഭാഗ്യവാൻ

You are currently viewing ഭാഗ്യദേവത കടാക്ഷിച്ചു; വായ്‌പ വേണ്ടെന്ന് ബാങ്കിനെ അറിയിച്ചു, ഓട്ടോ ഓടിക്കുന്നത് നിര്‍ത്തും, തുക ഉപയോഗിക്കുക എന്തിനെന്ന് വെളിപ്പെടുത്തി ഭാഗ്യവാൻ

തിരുവനന്തപുരം: ‘അടിച്ചു ചേട്ടായി.. ” തൻ്റെ ഭാര്യ മായ ഇങ്ങനെ പറയുമ്പോള്‍ അമ്പരപ്പിലായിരുന്നു ശ്രീവരാഹം മുടുമ്പില്‍ വീട്ടില്‍ 30കാരനായ അനൂപ്. മലേഷ്യയിലെ സുഹൃത്തിൻ്റെ ഹോട്ടലില്‍ അടുത്തയാഴ്‌ച ജോലിക്കു പോകാനിരുന്ന ഓട്ടോഡ്രൈവര്‍ ബി.അനൂപ് കാശ് തികയാതെ വന്നതോടെ, മകൻ്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേര്‍ത്താണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്തത്. നറുക്കെടുത്തപ്പോള്‍ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാംസമ്മാനം 25 കോടി അനൂപിനായിരുന്നു. ആറുമാസം ഗര്‍ഭിണിയാണ് അനൂപിൻ്റെ ഭാര്യ.

ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ ശാഖയില്‍ നിന്ന് ശനിയാഴ്‌ച രാത്രി 7.30ന് വാങ്ങിയ ടി.ജെ 750605 എന്ന ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റെടുത്ത് 24 മണിക്കൂര്‍ തികയും മുമ്പെത്തി ഭാഗ്യം. വൈകിട്ട് മൂന്നരയോടെയാണ് ബമ്പറടിച്ച വിവരം അനൂപ് അറിഞ്ഞത്.

ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. ടി.ജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ശാഖയാണ് ഇത് വിറ്റത്. പത്തുകോടി ഒന്നാം സമ്മാന തുകയായ പൂജാ ബമ്പറും ശേഷം പുറത്തിറക്കി. 250 രൂപയാണ് ടിക്കറ്റ് വില.

പിതൃസഹോദരി പുത്രിയും ലോട്ടറി ഏജണ്ടുമായ സുജയുടെ വീട് പണി പൂര്‍ത്തിയാക്കാനായി മൂന്നുലക്ഷം രൂപയുടെ വായ്പയ്‌ക്കായി മുട്ടത്തറ സഹകരണ ബാങ്കില്‍ അപേക്ഷിച്ചിക്കെയാണ് അനൂപിന് ഭാഗ്യദേവതയുടെ കടാക്ഷം. അതോടെ വായ്‌പ വേണ്ടെന്ന് അറിയിച്ചു. ഞായറാഴ്‌ച അവധിയായിരുന്നിട്ടും കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയിലെ മാനേജരെത്തി ടിക്കറ്റ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യമൊരുക്കി നൽകി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാല്‍ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകള്‍ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടര്‍ന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്‌പ ഉള്‍പ്പെടെ അഞ്ചര ലക്ഷത്തിൻ്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതല്‍ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരുതവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ, മകന്‍ അദ്വൈത്, മാതാവ് അംബിക എന്നിവരടങ്ങുന്നതാണ് കുടുംബം. സഹോദരി അശ്വതി, ഭര്‍ത്താവ് സനല്‍. 12 വ‌ര്‍ഷം മുമ്പ് പിതാവ് ബാബു മരിച്ചു.

ഹോട്ടല്‍ തുടങ്ങും

നാലുവര്‍ഷമായി ഓട്ടോ ഓടിക്കുന്ന അനൂപ് അതു നിറുത്തി ഹോട്ടല്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. കിട്ടുന്നത് 15.75 കോടി 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച്‌ 15.75 കോടിയാകും ഒന്നാം സമ്മാനാമയി ലഭിക്കുക. ലോട്ടറി ഏജന്‍സിക്ക് കമ്മിഷന്‍ 2.5 കോടി. നികുതി കിഴിച്ച്‌ 1.60 കോടി ലഭിക്കുമെന്ന് ഭഗവതി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.

ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവച്ചിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. സന്തോഷമുണ്ട്. ഒപ്പം ടെന്‍ഷനും. അമ്പതു രൂപ കുറവുണ്ടായിരുന്നതിനാല്‍ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. കുഞ്ഞിൻ്റെ കുടുക്ക പൊട്ടിച്ച്‌ അതില്‍ നിന്നുള്ള പണം കൂടിചേര്‍ത്താണ് എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.

0Shares