
കോഴിക്കോട് ചേവായൂര്‍ ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ബംഗളൂരുവിലെത്തിയ പെണ്‍കുട്ടികള്‍ക്ക് ഗൂഗിള്‍പേ വഴി ആവശ്യത്തിന് പണം ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് പോവുമ്പോള്‍ കുട്ടികളുടെ കൈയ്യില്‍ നൂറ് രൂപ പോലും എടുക്കാനുണ്ടായിരുന്നില്ല.
മാത്രമല്ല പിടിയിലായ യുവാക്കള്‍ മദ്യം നല്‍കി ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് ഞെട്ടിക്കുന്ന മൊഴി. പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കോട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
