
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷത്തിലേറെ കാലം പീഡിപ്പിച്ച കേസില്‍ 81കാരന്‍ അറസ്റ്റില്‍. അധ്യാപകനും മൗറിസ് റൈഡറൂമാണ് പിടിയിലായത്. 17കാരിയെ വര്‍ഷങ്ങളോളം ‘ഡിജിറ്റല്‍ റേപ്പിന്’ വിധേയയാക്കിയതിനാണ് അറസ്റ്റ്. ലിവ്- ഇന്‍ പങ്കാളിയുടെ സംരക്ഷണയിലായിരുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

നോയിഡയില്‍ ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി 17കാരിയുടെ രക്ഷകര്‍ത്താവിൻ്റെ സുഹൃത്താണ് പ്രതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അലഹബാദ് സ്വദേശിയാണ്. ഇയാള്‍ 20 വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം നോയിഡയിലേക്ക് താമസം മാറിയിരുന്നു. നോയിഡയിലെത്തിയ ശേഷം കണ്ടുമുട്ടിയ നിലവിലെ ലിവ്-ഇന്‍ പങ്കാളി, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം താമസം മാറ്റി. പിന്നീട് കുട്ടികളുമായി അലഹബാദിലേക്ക് മടങ്ങിയ ഭാര്യയില്‍ നിന്ന് ഇയാള്‍ വേര്‍പിരിഞ്ഞു.

ഡല്‍ഹിയില്‍ നിന്നുള്ള 40 വയസ്സുള്ള സ്ത്രീയാണ് പുരുഷൻ്റെ പങ്കാളി. എട്ടുവര്‍ഷം മുമ്പ്, ഇയാളുടെ ലിവ്- ഇന്‍ പങ്കാളി ജോലികള്‍ക്കായി ഹിമാചല്‍ പ്രദേശിലേക്ക് പോയി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി അവരുടെ ജീവനക്കാരിലൊരാള്‍ മകളെ അവര്‍ക്കൊപ്പം നോയിഡയില്‍ താമസിക്കാന്‍ അയച്ചു. പെണ്‍കുട്ടിക്ക് 10 വയസ്സുള്ളപ്പോള്‍ (2015 മുതല്‍) പ്രതി അവളെ ഉപദ്രവിക്കാന്‍ തുടങ്ങി,” അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രണ്‍വിജയ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെണ്‍കുട്ടിയോടുള്ള ആക്രമണം, അറസ്റ്റ് ചെയ്യുന്നതുവരെയുള്ള ഏഴ് വര്‍ഷക്കാലം തുടര്‍ന്നുവെന്ന് പോലീസ് പറഞ്ഞു. പങ്കാളി തന്നെ നല്‍കിയ പരാതിയിലാണ് 81കാരനെ പിടികൂടിയത്. 2012ലെ നിര്‍ഭയ കേസിന് പിന്നാലെയാണ് ഡിജിറ്റല്‍ റേപ്പും ലൈംഗികാതിക്രമത്തിൻ്റെ പരിധിയില്‍ കോടതി ഉള്‍പ്പെടുത്തിയത്. കൈവിരലുകള്‍, കാല്‍വിരലുകള്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍ബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റല്‍ റേപ്പ് എന്ന് പറയുന്നത്.
