
കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസ മേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
മൂന്നാമത്തെ ഇ.കെ നായനാർ മന്ത്രിസഭ (1996 -2001)യിലെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ (1987 -91)യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലുതവണ (1987, 1991, 1996) തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലേക്ക് വിജയിച്ചു. പ്രതിപക്ഷ ഡെപ്യൂട്ടി ചീഫ് വിപ്പ് എന്നീ നിലയിലും ഭരണ വൈദഗ്ധ്യം തെളിയിച്ചു.

സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. നേരത്തെ മണ്ണാർക്കാട്ടെ കെ.ടി.എം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിൻ്റെ ഹെഡ് മാസ്റ്ററായി.
കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻ്റെ മലബാർ റീജിയണൽ പ്രസിഡണ്ടായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1977, 80, 84 വർഷങ്ങളിൽ പാലക്കാട് നിന്നും ലോക് സഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
1932 ജൂൺ 14 നാണ് ജനിച്ചത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി.കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാര മേനോൻ. ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.

കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ ശിവദാസ മോനോൻ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹത്തിൻ്റെ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ കുത്തക മുതലാളിമാരിൽ നിന്നു സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം എന്നും ഓർമിക്കപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതു മുന്നണിയുടെയും വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
