വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

  • Post category:articles / Kerala / news
  • Reading time:2 mins read
You are currently viewing വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും; മന്ത്രി എ.കെ ശശീന്ദ്രൻ; കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം വവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർഗോഡ് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവിൽസ്റ്റേഷനിൽ വനം വകുപ്പിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലു ഉള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതേപോലുള്ള പദ്ധതികൾ കാസർഗോഡ് ജില്ലയിലും ആവിഷ്കരിച്ച് നടപ്പാക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും. ജനങ്ങൾക്ക് അനുകൂലമായി കോടതികളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കരുത് എന്നും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷം നേരിടുന്നതിൽ ജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ സഹകരണത്തോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാസർഗോഡ് ജില്ലയിൽ നിലവിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രത്യേക ദ്രുത കർമ്മ സേനയുടെ പ്രൊപ്പോസൽ നൽകിയാൽ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്, അത്തിയടുക്കം നിവാസികൾക്ക് വനംവകുപ്പ് അനുവദിച്ച സർട്ടിഫിക്കറ്റ് വനാവകാശ നിയമപ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് ഭൂമി അനുവദിക്കുന്നതിൻ്റെ രേഖ കൈമാറ്റം വനനീർ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. വനനീർ ഓഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഓഡിയോയിൽ ഗാനം രചിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ.വി സത്യൻ ഗാനമാലപിച്ച ഡി.എഫ്.ഓ കെ.അഷ്റഫ്, കോറസ് പാടിയ പാട്ടുകാർ തുടങ്ങിയവർക്ക് മന്ത്രി ഉപഹാരം നൽകി. ഇ. ചന്ദ്രശേകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ പ്രതീക്ജയിൻ വിശിഷ്ടാതിഥിയായി ജില്ലാപഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി തുടങി നിരവധിപേർ പങ്കടുത്തു.

0Shares