Categories
entertainment health Kerala local news news

പഴമയുടെ രുചിക്കൂട്ടുകള്‍ ചക്കയിൽ നിന്നും; കുടുബശ്രീ പ്രവർത്തകർ കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിപണന മേള ഒരുക്കി

ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും.

കുറ്റിക്കോൽ / കാസർകോട്: പുതിയ തലമുറയ്ക്ക് സുപരിചിതമല്ലാത്ത പഴമയുടെ രുചിക്കൂട്ടുകള്‍ കലര്‍പ്പില്ലാതെ കുടുബശ്രീ പ്രവർത്തകർ ചക്ക വിഭവങ്ങളുടെ പ്രദർശന വിപണന മേള ഒരുക്കി. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിലാണ് ഭക്ഷ്യമേള നടന്നത്. ജാക് ഫ്രൂട്ട് പ്രമോഷൻ്റെ ഭാഗമായി ചക്കയുടെ പോഷക ഗുണം പരിചയപ്പെടുത്തുന്നതിനുള്ള അമ്പതില്‍പരം മൂല്യവർധിത ഉൽപന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.

നാവിൽ കൊതിയൂറും

മധുരം കൂട്ടാന്‍ ചക്ക ഹല്‍വയും, ചക്ക ഉണ്ണിയപ്പവുമുണ്ട് മേളയിൽ. ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും. മിക്ച്ചർ, ചിപ്‌സ്, ഹൽവ, ഉണ്ണിയപ്പം, കേക്ക്, ജാം, മൂടയപ്പം, ചക്കവജ, പപ്പടം, അച്ചാർ തുടങ്ങി ചക്കയും ചക്കയുടെ കുരുവും കൊണ്ടുള്ള വിഭവങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഇവയെല്ലാം കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ അംഗങ്ങൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നതാണ്.

കൂട്ടായ്മയുടെ രുചി മഹോത്സവം

കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സംരഭ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശന വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം വാർഡ് മെമ്പർ ലക്ഷ്‌മി കൃഷ്‌ണന്‌ നൽകി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് ശോഭന കുമാരി, മെമ്പർമാരായ എച്ച്.ശാന്ത, നാരായണി, ഷീബ സന്തോഷ്, അശ്വതി അജികുമാർ, വി.കെ അരവിന്ദൻ, ഷമീർ കുമ്പക്കോട്, പി.മാധവൻ, കെ.ആർ വേണു, ജോസ് പറത്തട്ടേൽ തുടങ്ങിയവർ സംസാരിച്ചു.

സി.ഡി.എസ് ചെയർപേഴ്‌സൺ റീന സി. അധ്യക്ഷയായി. മെമ്പർ സെക്രട്ടറി ഷാജി.സി സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ഓമന നാരായണൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോ.ഓർഡിനേറ്റർ ആതിര, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest