വിദ്യാർത്ഥികൾക്ക് വിൽപന ചെയ്‌ത ദേശീയ പതാകയ്ക്ക് നിലവാരക്കുറവ്; നിർമ്മിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് കുടുംബശ്രീ, കേന്ദ്ര- കേരള സർക്കാരുകളും ഉത്തരവാദികൾ തന്നെ

You are currently viewing വിദ്യാർത്ഥികൾക്ക് വിൽപന ചെയ്‌ത ദേശീയ പതാകയ്ക്ക് നിലവാരക്കുറവ്; നിർമ്മിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് കുടുംബശ്രീ, കേന്ദ്ര- കേരള സർക്കാരുകളും ഉത്തരവാദികൾ തന്നെ

കാസർകോട് / തിരുവനന്തപുരം: സ്വാതന്ത്ര്യത്തിൻ്റെ 75 -മത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായുള്ള ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന ദേശീയ പതാകകൾ തയാറാക്കിയത് കുടുംബശ്രീയാണ്. എന്നാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ സ്‌കൂളുകളിലെത്തിച്ച ദേശീയ പതാക നിലവാരമില്ലാത്തത് ആണെന്ന പരാതിയാണ് ഉയർന്നത്. കുടുംബശ്രീ നിർമിച്ച പതാകകൾ സ്‌കൂളുകൾ വഴി വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് പതാകയിലെ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ സ്‌കൂളുകളിൽ അടക്കം എത്തിച്ച പതാകയെ കുറിച്ചാണ് പരാതി ഉയരുന്നത്.

‘കുടുംബശ്രീകൾ പ്രാദേശികമായാണ് പതാകകൾ നിർമ്മിച്ചത്. അതും സാധാരണ തയ്യൽ മെഷിനുകൾ ഉപയോഗിച്ചുകൊണ്ട്. ഇത്തരത്തിൽ നിർമ്മിച്ച പതാകകൾ ഗുണനിയലവാരം ഉള്ളതു തന്നെ ആയിരുന്നു.’- കാസർകോട് ജില്ലാ മിഷൻ ഉദ്യോഗസ്ഥർ ചാനൽ ആർ.ബിയോട് പറഞ്ഞു. ‘പതാക നിർമ്മിക്കാൻ തയ്യാറായ എല്ലാ യൂണിറ്റുകൾക്കും കൃത്യമായ മാർഗ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയിരുന്നു. സ്വകാര്യ കമ്പനികൾക്കോ മറ്റു ഏജൻസികൾക്കോ ചുമതല നൽകിയിട്ടില്ല.

പ്രാദേശിക ഉത്പാദനം തികയാത്തതിനെ തുടർന്ന് വായനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഒരു സംരംഭത്തിൽ നിന്നും പതാകകൾ എത്തിക്കേണ്ടി വന്നു. കേന്ദ്ര- കേരള സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന തുന്നൽ കേന്ദ്രമാണ് വയനാട് പ്രവർത്തിക്കുന്നത്. ഇവിടുന്ന് എത്തിച്ചതിൽ ഏതെങ്കിലും ആവാം കാസർകോട് ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ പരാതിക്ക് ഇടയാക്കിയ പതാകകൾ.’- ജില്ലാ മിഷൻ അധികൃതർ പറഞ്ഞു.

‘ഹർ ഘർ തിരംഗ’ പരിപാടിയുടെ തീരുമാനങ്ങൾ ഇരു സർക്കാരുകളുടെ യുദ്ധകാല അടിസ്ഥാനത്തിൽ വളരെ പെട്ടെന്നായിരുന്നു. പല ജില്ലകളിലും ആവശ്യത്തിന് സമയം കിട്ടാത്ത സാഹചര്യവും ഉണ്ടായി. കൂടുതലും പാരമ്പര്യ കൈത്തൊഴിൽ തുന്നൽ കേന്ദ്രങ്ങളുമാണ്. മറ്റു രാജ്യങ്ങളിലെയും ഉത്തരേന്ത്യയിലെയും പോലെ ആധുനിക യന്ത്ര വൽകൃത തുന്നൽ ശാല മില്ലുകൾ കേരളത്തിൽ അപൂർവമാണ്. നിലവിലെ അപാകതകൾ പരിഹരിച്ചു വരും വർഷങ്ങളിൽ രാജ്യത്തിൻ്റെ ഇത്തരം അഭിമാന പരിപാടികൾ വിജയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ സംരംഭകർ.

നിബന്ധനകൾ പാലിക്കണ്ടേ?

പതാകകൾക്ക് കൃത്യമായ അളവോ ദേശീയ പതാക നിർമ്മിക്കുമ്പോൾ നിഷ്‌കർഷിച്ചിരിക്കുന്ന യാതൊരു നിബന്ധനകളോ പാലിച്ചിട്ടില്ലത്രെ. മാത്രമല്ല പല പതാകകളുടെയും അരികുകൾ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ നടുക്ക് വരേണ്ട അശോകചക്രം പലതിലും കാണാനുമില്ല. അശോകചക്രമുള്ള പതാകകളിൽ അത് മാഞ്ഞുപോയ നിലയിലുമാണെന്നും പരാതി ഉണ്ട്. ചില സ്‌കൂൾ അധികൃതർ പതാകകൾ മാറ്റി നൽകണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടെങ്കിലും അവർകാതിനു കഴിഞ്ഞില്ല.

Image: google

രക്ഷകർത്താക്കളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നതായി അധ്യാപകർ പറഞ്ഞു. ദേശീയ പതാക നിർമ്മിക്കുമ്പോഴും ഉയർത്തുമ്പോഴും ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡുകളുണ്ട്. ഈ പതാകയുടെ നിർമ്മാണത്തിൽ അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്ന പതാകകൾ വാങ്ങുവാൻ ചില അധ്യാപകർ ഇതിനിടയിൽ ശ്രമിച്ചിരുന്നു. എന്നാൽ ആ പതാകകൾ വിറ്റുതീർന്നതിനാൽ കഴിഞ്ഞില്ല.

തുണിക്ക് നിലവാരമില്ല

സ്‌കൂളുകളfൽ 30 രൂപ നിരക്കിൽ വിദ്യാർഥികൾക്ക് നൽകിയ പതാക വലുപ്പം കുറഞ്ഞവയും നിലവാരമില്ലാത്ത തുണിയിൽ തയാറാക്കിയത് ആണെന്നാണ് മറ്റൊരു പരാതി. എന്നാൽ ചില സ്ഥലങ്ങളിൽ വൈകിയാണ് പതാക എത്തിയത് എന്നതൊഴിച്ചാൽ പരാതികളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കുടുംബശ്രീ അധികൃതർ പറയുന്നത്. ഓർഡർ സ്വീകരിക്കുമ്പോൾ നൽകിയ അളവിലുള്ള പതാകകൾ അല്ല ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് വേറെ പരാതികൾ.

പലയിടത്തും ലഭിച്ച പതാകയിൽ കുറേയെണ്ണം തലതിരിച്ചു നിർമിച്ചതുമായിരുന്നു. മുൻകൂറായി പണം ഈടാക്കിയതിനാൽ പല സ്‌കൂളുകൾക്കും തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. എങ്കിലും വാങ്ങാത്ത വിദ്യാലയങ്ങളുമുണ്ട്. പെരിങ്ങമ്മല പഞ്ചായത്ത് മുഴുവൻ പതാകയും തിരിച്ചുനൽകി പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ചു വിദ്യാലയങ്ങൾക്ക് 30 രൂപയുടെ പതാക നൽകി. വിദ്യാർഥികൾക്ക് പതാക നൽകുന്നതിന് ഒരു കുട്ടിയിൽ നിന്ന് 20 രൂപ വീതം പിരിച്ചെടുത്തിരുന്നുവെന്ന് പാങ്ങോട് നിന്ന് രക്ഷിതാക്കളും പിടിഎ അധികൃതരും പറയുന്നു.

പലയിടത്തും പ്രതിഷേധം

തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ദേശീയ പതാക മാതൃകയിലും വ്യത്യാസം. ക ഴിഞ്ഞ ദിവസം നെയ്യാര്‍ഡാം സ്‌കൂളില്‍ ഉള്‍പ്പെടെ വിതരണം ചെയ്ത കുഞ്ഞു പതാകയിലാണ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഭരണസമിതിയും ബി.ജെ.പിയും പ്രതിഷേധിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും ബി.ജെ.പി പ്രവര്‍ത്തകരും പതാകയെത്തിച്ച വാഹനം തടഞ്ഞിട്ടു. എന്നാല്‍ തങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയ പതാക എത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കുടുംബശ്രീ ഭാരവാഹികള്‍ പറഞ്ഞു.

കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം

ഹർ ഘർ തിരംഗയുടെ ഭാഗമായി കുടുംബശ്രീ വെള്ളിയാഴ്‌ച വരെ സംസ്ഥാനത്ത് നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനാണിത്.

Kudumbashree workers prepapre national flags for the ‘Har Ghar Tiranga’ campaign ahead of India’s 75th Independence Day, in Kochi on August 9 -Photo Courtesy: PTI.

ഓഗസ്റ്റ് 12നകം വിതരണം പൂർത്തിയാക്കണം എന്നായിരുന്നു നിർദേശം. 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന സർക്കാർ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് പതാക നിർമിക്കാനുള്ള അവസരം കൈവന്നത്.

കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യൽ യൂണിറ്റുകളിൽ നിന്നായി മൂവായിരത്തോളം അംഗങ്ങൾ മുഖേനയായിരുന്നു പതാക തയാറാക്കൽ. അതത് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ഓർഡർ ലഭിച്ചത്. ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിർമാണം നടന്നത്. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷൻ കോ. ഓർഡിനേറ്റർമാർക്കാണ് ഇതിൻ്റെ ഏകോപന ചുമതല ഉണ്ടായിരുന്നത്.

0Shares