

പെരിയ: യു.എ.ഇ യിൽ ജോലിചെയ്യുന്ന തണ്ണോട്ട് നിവാസികളുടെ പ്രവാസി സംഘടനയായ ‘ദയ തണ്ണോട്ടിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. തണ്ണോട്ട് വെച്ച് നടന്ന അനുമോദന ചടങ്ങ് അജാനൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.മിനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും, കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയും, ദൃശ്യമാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഉന്നത വിജയികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മണലാരണ്യത്തിൽ ജോലി ചെയ്യുമ്പോഴും നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം കൊണ്ടാണ് ദയ തണ്ണോട്ടിൻ്റെ പ്രവർത്തകർ ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്നതെന്നും അനുമോദനം ഏറ്റുവാങ്ങുന്നവർ ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.വി.കെ റാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് കവി നാലപ്പാടം പത്മനാഭനെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. കെ.ബാലകൃഷ്ണൻ, കൃഷ്ണൻ തണ്ണോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇ.വേണുഗോപാലൻ സ്വാഗതവും വി.മനോജ് നന്ദിയും പറഞ്ഞു.
