
തിരുവനന്തപുരം: വിസ്മയ കേസില്‍ കുറ്റക്കാരനായ കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചതിൻ്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍. അന്യൻ്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം.

വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സ്ത്രീധനത്തിന് എതിരായി സ്വീകരിക്കുന്ന പ്രതിജ്ഞ കോളേജ് വിട്ട് പുറത്തുകടന്നാല്‍ വിസ്മരിക്കരുതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളെ കേവലം ഒരു ബാധ്യതയായി കണ്ട് ആരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടുന്ന സമീപനം രക്ഷിതാക്കള്‍ മാറ്റണം. എല്ലാ പൗരാവകശങ്ങളും ഉള്ളവരാണ് പെണ്‍കുട്ടികളെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സമഭാവനയുടെ അന്തരീക്ഷമുള്ള സമൂഹത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വളരേണ്ടത് അത്യാവശ്യമാണെന്നും പി.സതീദേവി പ്രതികരിച്ചു.
