കൊച്ചിയിൽ 15,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തത് മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന്; അന്വേഷണം പാകിസ്താനിലെ രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പിലേക്ക്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കൊച്ചിയിൽ 15,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തത് മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന്; അന്വേഷണം പാകിസ്താനിലെ രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പിലേക്ക്

രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. 15,000 കോടി രൂപയുടെ മയക്കുമരുന്ന് ആയിരുന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ സ്വദേശിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. സുബൈറിനെ എന്‍.സി.ബി. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

വിപുലമായ അന്വേഷണമാണ് എന്‍.സി.ബിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. അന്വേഷിക്കുന്നുണ്ട്.

നാവികസേനയും എന്‍.സി.ബി.യും പിന്തുടരുന്നവിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ശ്രമിച്ചതായാണ് വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാകിസ്താന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും കണ്ടുകെട്ടിയിട്ടുണ്ട്. മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളാണുള്ളത്.

പാകിസ്താനില്‍ ഉത്പാദിപ്പിക്കുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളാണിവ. പിടിയിലായ പാകിസ്താന്‍ സ്വദേശി സുബൈറും സംഘവും ഇതിന് മുന്‍പും പലവട്ടം മയക്കുമരുന്ന് കടത്തിയതായാണ് സൂചന. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നും സംശയിക്കുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്ന് ഇറാനിലെത്തിച്ച് അവിടെനിന്ന് കടല്‍മാര്‍ഗം വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് ഹാജി സലീം ഗ്രൂപ്പിൻ്റെ രീതി.

0Shares