
അടൂർ(കാസർകോട്): ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പരപ്പ പൊക്ലമൂലയിൽ കാട്ടാന ആക്രമണം. പരപ്പ ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ 5 വർഷം പ്രായമായ ഇരുപത്തിയഞ്ചോളം തെങ്ങുകളും നിരവധി കവുങ്ങുകളും കാട്ടാനകൾ നശിപ്പിച്ചു. കൃഷിയിടത്ത് കാട്ടാനകൾ വിലസുകയാണുണ്ടായത്. കർണ്ണാടക അതിർത്തി പങ്കിടുന്ന പ്രദേശമാണ് പരപ്പ. കേരള വന മേഖലയോട് ചേർന്ന പ്രദേശം. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് എത്തിയതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ. കൃഷിയിൽ പ്രതീക്ഷ അർപ്പിച്ച കർഷകർക്ക് വലിയ നിരാശയാണ് ഈ ആക്രമണത്തോടെ ഉണ്ടായത്. കർഷകനായ സമീർ പറഞ്ഞത് ഇങ്ങനെ: മക്കളെ സംരക്ഷിക്കുന്നത് പോലെയാണ് ഞാൻ ഈ ഫലവൃക്ഷങ്ങളെ സംരക്ഷിച്ചത്. എല്ലാ തെങ്ങിൻ്റെയും പൂക്കുലയും ഇളംതിരിയുമാണ് കാട്ടാന പിഴി തെടുത്ത് ഭക്ഷണമാക്കിയത്. നട്ട് പരിപാലിച്ച തൈകളൊക്കെ ഒരു രാത്രികൊണ്ട് നഷ്ടമായി. വര്ഷങ്ങളുടെ അദ്വാനം, വലിയ പ്രതീക്ഷയോടെ കൃഷിയിലേക്ക് ഇറക്കിയ പണം എല്ലാം നഷ്ടമായി. നഷ്ട്ടങ്ങൾ നികത്താൻ സർക്കാർ കനിയണം. കാട്ടാനയുടെ തുടർന്നുള്ള ആക്രമണം സർക്കാരിന് തടയാനാകണമെന്നും കർഷകനായ ഷമീർ വിതുമ്പി കൊണ്ട്പറഞ്ഞു. പറമ്പിൽ പലയിടത്തും ആനപിണ്ഡം കാണാമായിരുന്നു. ആന കൃഷിയിടത്തിൽ എത്തി വിലസുകയാണുണ്ടായതെന്ന് ഇതോടെ വ്യക്തമാണ്. വനം വകുപ്പിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല എന്ന് നാട്ടുകാർ ആരോപിച്ചു. ദിവസങ്ങളായി കാട്ടാന ഈ പ്രദേശങ്ങളിൽ വിഹരിക്കുകയാണെന്നും അതിനാൽ രാത്രി ഒരു മണി വരെ ഷമീറും കൂട്ടുകാരും പറമ്പിൽ കാവൽ നിന്നിരുന്നതായും അവർ പറഞ്ഞു. പുലർച്ചയോടെയാണ് അനകൾ എത്തിയത് എന്നാണ് കരുതുന്നത്.


സംഭവസ്ഥലം മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. വനം വകുപ്പ് അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി അധികാരികളോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൽ റഹിമാൻ ഹാജി, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. അഷ്റഫ് ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
