അന്താരാഷ്ട്ര യോഗാദിനം; ഐ.എൻ.എസ് വിക്രാന്തിൽ യോഗ ചെയ്‌ത്‌ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അന്താരാഷ്ട്ര യോഗാദിനം; ഐ.എൻ.എസ് വിക്രാന്തിൽ യോഗ ചെയ്‌ത്‌ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്

ന്യൂഡല്‍ഹി /കൊച്ചി / തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിൻ്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ബുധനാഴ്‌ച നടന്ന ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണിത്. യു.എന്‍. ആസ്ഥാനത്തെ ചടങ്ങുകളില്‍ യോഗാ ദിനത്തിന് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

കൊച്ചിയില്‍ ഐ.എന്‍.എസ് വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌ നാഥ് സിങ്ങിൻ്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.

സംസ്ഥാനത്തും യോഗാ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ആരോഗ്യമുള്ള സമൂഹമാണ് ലക്ഷ്യമെന്നും അത് കൈവരിക്കാൻ യോഗ പരിശീലനം ഉപകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി നോയിഡയിലും പീയുഷ് ഗോയല്‍ മുംബൈയിലും അശ്വിനി വൈഷ്‌ണവ് ഒഡീഷയിലും യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കരസേന മേധാവി മനോജ് പാണ്ഡെയുടെ നേതൃത്വത്തില്‍ കരസേനയിലും പരിപാടി സംഘടിപ്പിച്ചു.

പാര്‍ലമെണ്ടിന് മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിന് സമീപവും യോഗാ ചടങ്ങുകള്‍ നടത്തി. കേരള സര്‍വകലാശാലയും യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംയുക്തമായി യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തി.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഗുരുഗ്രാമിൽ നടന്ന യോഗാദിനാചരണത്തിൽ ഭാഗമായി. സിയാച്ചിനിലും ലഡാക്കിലെ പാംഗോങ് നദിക്കരയിലും സൈന്യത്തിൻ്റെ നേതൃത്വത്തിൽ വിപുലമായി യോഗാദിനം ആചരിച്ചു.

0Shares