നബിദിന ആഘോഷം, പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണം; 58 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്, നൂറിലേറെ പേർക്ക് പരിക്ക്

  • Post category:international / news
  • Reading time:1 min read
You are currently viewing നബിദിന ആഘോഷം, പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണം; 58 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്, നൂറിലേറെ പേർക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിലെ പള്ളികളിൽ വെള്ളിയാഴ്‌ച ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ 58 പേർ ദാരുണമായി കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന്‌ അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു.

ബലൂചിസ്ഥാനിലെ മസ്‌തങ്ങിൽ നബിദിന ഘോഷയാത്രാ തയാറെടുപ്പിനിടെ മദീന പള്ളിയിലായിരുന്നു ആദ്യ ചാവേർ ആക്രമണം. 54 പേർ തൽക്ഷണം മരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റു. 18 പേരുടെ നില ഗുരുതരമാണ്‌. മസ്‌തങ്‌ എ.ഡി.എസ്‌.പിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

A view of a victim on a stretcher being transferred to an ambulance, following a suicide blast, in Balochistan Province, Pakistan, on Friday. Reuters. Courtesy: PTI and The Tribune

മണിക്കൂറുകൾക്ക് ശേഷം പെഷാവറിനു സമീപം ഹാങ്കു നഗരത്തിലെ മോസ്‌കിൽ ജുമാ നമസ്‌കാരത്തിനിടെ ആയിരുന്നു രണ്ടാം ആക്രമണം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയില്ല. തകർന്ന കെട്ടിടത്തിനടിയിൽ നിന്ന്‌ പുറത്തെടുത്ത 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനം നടക്കുന്ന സമയം നാൽപ്പതിലധികം പേർ പള്ളിയിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്‌. പള്ളിയിലേക്ക് രണ്ട് ചാവേറുകളുമായി വന്ന വാഹനം പൊലീസ്‌ തടഞ്ഞു. പ്രദേശത്തെ ദവോബ പൊലീസ്‌ സ്‌റ്റേഷനിലും അഞ്ച്‌ തീവ്രവാദികൾ കടന്നുകയറി.

പൊലീസ്‌ വെടിവെയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ പള്ളിയുടെ മേൽക്കൂരയിലേക്ക്‌ ഓടിക്കയറി സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേർ രക്ഷപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ച്‌ ദിവസത്തിനുള്ളിൽ മസ്‌തങ്ങിലുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്‌. ആക്രമണങ്ങളെ തുടർന്ന്‌ രാജ്യമാകമാനം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

0Shares