
കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്റ്റുഡണ്ട്സ് സർവ്വീസസ് ഡയക്ടർ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം കോർഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എൻ.എസ്.സിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ പ്രിയ വർഗീസിൻ്റെ നിയമനം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡണ്ട് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍.എസ്.എസ് കോർഡിനേറ്റർ പദവി അധ്യാപന പരിചയമല്ല. എന്‍.എസ്.എസ് സേവനത്തിൻ്റെ ഭാഗമായി കുഴിവെട്ടിയതൊന്നും അധ്യാപനമായി കാണാനാവില്ല. അധ്യാപനമെന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.
