
മയാമി: അർജന്റീന – കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനല്‍ മത്സരം വൈകി ആരംഭിച്ചു. മത്സരം നടക്കുന്ന മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകർ തള്ളിക്കയറി. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളാണ് മത്സരം വൈകാൻ കാരണമായത്. ഇന്ത്യൻ സമയം രാവിലെ 5.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.55-ഓടെയാണ് ആരംഭിക്കാനായത്.

ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ എത്തിയ പലരും എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്നും മറ്റ് മാർഗങ്ങളിലൂടെയും സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാർ ഇതോടെ ഗേറ്റ് പൂർണമായും അടച്ചതോടെ ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനവും തടസപ്പെട്ടു.
