
പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണൻ്റെ മകള്‍ ശ്രീലക്ഷ്‌മി (18) ആണ് മരിച്ചത്. കോയമ്പത്തുര്‍ സ്വകാര്യ കോളജിലെ ബി.സി.എ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുന്ന വഴി അയല്‍ വീട്ടിലെ നായ പിന്നാലെ ഓടിയെത്തി ശ്രീലക്ഷ്‌മിയെ കടിച്ചിരുന്നു.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും ശ്രീലക്ഷ്‌മി എടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികില്‍സ നടത്തിയെങ്കിലും വ്യാഴാഴ്‌ച പുലര്‍ച്ചെ മരിച്ചു. സിന്ധുവാണ് അമ്മ. സഹോദരങ്ങള്‍ സനത്ത്, സിദ്ധാര്‍ത്ഥന്‍.
