Categories
business Kerala local news news

കാസർകോട്ടെ ധനകാര്യ കമ്പനി സംശയത്തിൻ്റെ നിഴലിൽ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കമ്പനിയിലേക്ക് ഒഴുകിയത് കോടികൾ, പണം പിരിക്കാൻ സ്ത്രീകൾ അടക്കമുള്ളവർ

നിക്ഷേപകരെ കണ്ടെത്താൻ ഗ്രാമാന്തരങ്ങളിൽ കമ്പനിക്ക് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.

പൊയിനാച്ചി / കാസർകോട്: ജില്ലയുടെ കിഴക്കൻ മേഖലയായ കുണ്ടംകുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനം സംശയ നിഴലിൽ. പെരിയയിൽ നിന്നുള്ള ആയംമ്പാറ റോഡ് ചെന്ന് ചേരുന്ന കുണ്ടംകുഴി ടൗണിൽ റോഡിന് വലതുഭാഗത്ത് ചെറിയ ഓഫീസിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലേക്കാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും പലിശ മോഹിച്ച് പലരും ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്.

ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ നിക്ഷേപകൻ്റെ അക്കൗണ്ടിലേക്ക് 4,500 രൂപ എത്തിച്ചേരും. പ്രതിമാസം 18,000 രൂപ ഈ വിധത്തിൽ എത്തിച്ചേരുന്നതിനാൽ പത്തുമാസം കൊണ്ട് 1,80,000 രൂപ നിക്ഷേപകന് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്.

ഏറ്റവും കൂടുതൽ പണമൊഴുകുന്നത് കാസർകോട്- കണ്ണൂർ ജില്ലകളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണ്. കരിവെള്ളൂർ മുതൽ തലപ്പാടി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് പ്രതിദിനം പത്തുലക്ഷത്തിൽ കുറയാത്ത ഡിപ്പോസിറ്റ് തുക കമ്പനിയിലേക്ക് ഒഴുകുന്നുണ്ട്. നിക്ഷേപകരെ കണ്ടെത്താൻ ഗ്രാമാന്തരങ്ങളിൽ കമ്പനിക്ക് രഹസ്യ ഏജന്റുമാർ രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്. ഹൊസ്ദുർഗ്ഗ് താലൂക്കിലുള്ള ഏജന്റുമാരുടെ ഒരു യോഗം മൂന്നുമാസം മുമ്പ് കാഞ്ഞങ്ങാട്ടെ ചതുർനക്ഷത്ര ഹോട്ടലിൽ വിളിച്ചു ചേർത്തിരുന്നു.

കാസർകോട് താലൂക്കിൽ നിന്നുള്ള നിക്ഷേപകരുടെ യോഗം കാസർകോട്ടും ചേരാറുണ്ട്. ഒരു ലക്ഷം രൂപ ഈ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ വെറും പത്തുമാസം കൊണ്ട് 1,80,000 രൂപ എങ്ങനെ നിക്ഷേപകന് നൽകുന്നുവെന്ന നിക്ഷേപകരുടെ ചോദ്യത്തിന് കമ്പനി നടത്തിപ്പുകാർക്ക് ഉത്തരമില്ല. കുണ്ടംകുഴി സ്വദേശിയായ ഒരു നാൽപ്പത്തിയഞ്ചുകാരനാണ് കമ്പനിയുടെ സൂത്രധാരൻ.

സംഭവം നാട്ടിൽ ചർച്ചയായതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവരുടെ പരാതി കിട്ടിയായാൽ കേസെടുത്ത് അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *