
അജാനൂർ/ കാസർകോട്: ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ, അജൈവ മാലിന്യ സംസ്കരണത്തിന് അത്യാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കൽ പ്രക്രിയ ഹരിതകർമ്മസേന വഴി വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന “ടീച്ചറും കുട്ട്യോളും” പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കിയെടുക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലയിൽ ഇത്തരമൊരു തനതു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലേയും ഹരിത കർമ്മ സേനാംഗങ്ങൾ അതാത് വാർഡിലെ കുട്ടികൾക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നൽകുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഹരിതകർമ്മസേനാംഗം പത്തുകുട്ടികൾക്ക് പരിശീലനം നൽകിക്കഴിഞ്ഞാൽ ജില്ലയിൽ പതിനായിരത്തിലധികം കുട്ടികളെ തരംതിരിക്കൽ പ്രക്രിയ പഠിപ്പിക്കുന്നതിന് സാധ്യമാവും എന്നാണ് ഹരിത കേരളം മിഷൻ്റെ കണക്കുകൂട്ടൽ.

ഈ പ്രവർത്തനം ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണത്തിനും മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാന തലത്തിലും പഞ്ചായത്തു തല ഉദ്ഘാടന യോഗങ്ങളും, വാർഡു മെമ്പറുടെ സഹായത്തോടെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തരം തിരിക്കൽ പരിശീലനവും നൽകും.അജാനൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ പി.വി.കെ പനയാൽ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.സബീഷ്, ജനപ്രതിനിധികളായ കെ. കൃഷ്ണൻ മാസ്റ്റർ, കെ.മീന, ഷീബ ഉമ്മർ, വി. ഇ.ഒ.സുരേഷ് ബാബു എം., ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.പി. അഭിരാജ് എന്നിവർ സംസാരിച്ചു.
