
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ ശിശു ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അൻവർ സാദാത്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യ മഹാരാജ്യത്തിൻ്റെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമാണ് ശിശു ദിനമായി കൊണ്ടാടുന്നത്. ഈ ദിനത്തിൽ നിങ്ങൾ ഉയർത്തിപ്പിടിച്ച ലഹരി വിരുദ്ധ സന്ദേശം ജീവിതത്തിലും പ്രവർത്തികമാക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ലഹരിക്ക് അടിമപ്പെടാതെ ബുദ്ധിയോടും ശ്രദ്ധയോടും വളരണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം കുട്ടികൾക്കുള്ള ശിശുദിന സന്ദേശം കൈമാറി. വിടർന്നു വരുന്ന റോസാപൂക്കളാണ് നിങ്ങളെന്നും വളർന്നു വരുമ്പോൾ നിങ്ങൾ നന്മയുടെ സുഗന്ധമുള്ളവരായി തീരണമെന്നും പ്രതിസന്ധികളെ അതിജീവിച്ച് ശക്തരാകണമെന്നും, അദ്ദേഹം കുട്ടികളോട് പറഞ്ഞു.


അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണം മുതൽ നെല്ലിക്കട്ട ടൗൺ വരെ ലഹരി വിരുദ്ധ റാലിയും നടത്തി. കുട്ടികളും അധ്യാപകരും അടങ്ങുന്ന റാലി കാണികളിലും കൗതുകമുണർത്തി. സലാം ചെർക്കള, എം വി സുധീന്ദ്രൻ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ), സ്നേഹ (വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ), മോഹനകുമാർ (സിവിൽ എക്‌സൈസ് ഓഫീസർ), അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, ഹുസൈൻ ബേർക്ക, ആയിഷ പൊവ്വൽ എന്നിവർ ഈ പരിപാടിക്ക് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഗോപി സർ നന്ദി രേഖപ്പെടുത്തി.
